'ആ ബന്ധം തകരാനുള്ള കാരണം ഞാനോ അവളോ അല്ല, സാഹചര്യം മാറിയാലും ഒരാളുടെ സ്വഭാവം മാറില്ലല്ലോ'
മലയാളം, തമിഴ് സീരിയൽ രംഗത്ത് ഒരുകാലത്ത് ഏറെ ആരാധകരുണ്ടായിരുന്ന നടിയാണ് അർച്ചന സുശീലൻ. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന അർച്ചനയെ സോഷ്യൽ മീഡിയയിലും കാണുന്നത് അപൂർവമായിരുന്നു. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് നടി. അർച്ചന പ്രധാനമായി പറയുന്ന കാര്യങ്ങളിലൊന്ന് തന്റെ സഹോദരന്റെ മുൻ ഭാര്യയായിരുന്നു ആര്യയെക്കുറിച്ചാണ് (ആര്യ ബഡായി).
'ഗ്ലോറി എന്ന കഥാപാത്രം ഇപ്പോഴും ആളുകൾ മറന്നിട്ടില്ല. ഇപ്പോഴത്തെ കുട്ടികൾ വളരെ നന്നായിട്ടാണ് അഭിനയിക്കുന്നത്. അന്നത്തെ കാലത്ത് കണ്ടുപടിക്കാൻ യൂട്യൂബോ ഗൂഗിളോ ഒന്നും ഉണ്ടായിരുന്നില്ല. സീനിയർ ആയിട്ടുള്ളവർ അഭിനയിക്കുന്നത് കണ്ടാണ് പഠിച്ചത്. ഇപ്പോൾ ചിന്തിക്കുമ്പോൾ ഒന്നിനോടും കുറ്റബോധം തോന്നുന്നില്ല. അന്നത്തെ എന്റെ തീരുമാനങ്ങളെല്ലാം ശരിയായിരുന്നു. ഒരിക്കലും സീരിയൽ വിടുമെന്ന് അന്ന് കരുതിയിരുന്നതല്ല. നര വരുമ്പോൾ അമ്മായിയമ്മ റോൾ ചെയ്യാമെന്ന് കരുതി. പക്ഷേ, ഞാനിപ്പോൾ കുടുംബമായി അമേരിക്കയിൽ സെറ്റിൽഡാണ്. സന്തോഷത്തോടെ ജീവിക്കുന്നു.
എന്റെ മുൻ നാത്തൂൻ ആണ് ആര്യ. വിവാഹമോചനത്തിന് ശേഷവും ആര്യയും ഞാനും തമ്മിലുള്ള ബന്ധത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആര്യയെ അന്നും ഇന്നും എനിക്ക് ഒരുപോലെ ഇഷ്‌ടമാണ്. ഞാനോ ആര്യയോ കാരണമല്ലല്ലോ ഒന്നും സംഭവിച്ചത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അന്നും ഇന്നും എനിക്ക് സംസാരിക്കാൻ വളരെ കംഫർട്ടബിളായിട്ടുള്ള ഒരാളാണ് ആര്യ. അവളൊരു നല്ല വ്യക്തിയാണ്. ജീവിതത്തിലെ ഓരോ സാഹചര്യങ്ങൾ അനുസരിച്ച് തീരുമാനങ്ങൾ മാറും. പക്ഷേ, ഒരാളുടെ സ്വഭാവം മാറില്ലല്ലോ. അവളുടെ സ്വഭാവം എനിക്കിഷ്‌ടമാണ്. അതൊരിക്കലും മാറില്ല' - അർച്ചന സുശീലൻ പറഞ്ഞു.