അമേരിക്കയിൽ അഞ്ചു വയസുകാരനെ കസ്‌റ്റഡിയിലെടുത്ത് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; സംഭവത്തിൽ പ്രതിഷേധം ശക്തം
വാഷിംഗ്‌ടൺ: അതിശക്തമായ കുടിയേറ്റ നടപടികൾക്കിടെ അഞ്ചുവയസുകാരനെ കസ്‌റ്റഡിയിലെടുത്ത് അമേരിക്കയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ. ഇക്വഡോർ വംശജനായ ലിയാം കൊനേജോ റോമോസ് എന്ന ബാലനെയാണ് ഇമിഗ്രേഷൻ ഏജന്റുമാർ കസ്‌റ്റഡിയിലെടുത്തത്. പ്രീസ്‌കൂൾ വിദ്യാർത്ഥിയായ ലിയാം സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴിയാണ് നടപടിയുണ്ടായത്. ഒപ്പമുണ്ടായിരുന്ന പിതാവിനെയും ഉദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്തു. ഇവരെ ടെക്‌സസിലെ ഡില്ലിയിലുള്ള ഫാമിലി ഡിറ്റൻഷൻ ഫെസിലിറ്റിയിലേക്ക് മാറ്റി.
രണ്ട് 17 വയസുകാരും ഒരു പത്ത് വയസുകാരനും ഉൾപ്പടെ മറ്റ് മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെയും ഉദ്യോഗസ്ഥർ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്ന് കൊളംബിയ ഹൈറ്റ്‌സ് പബ്ലിക് സ്‌കൂൾ ഡിസ്‌ട്രിക്‌റ്റ് സൂപ്രണ്ട് സേന സ്റ്റെൻവിക് പറഞ്ഞു. ലിയാമും പിതാവും നിയമപരമായ അഭയാർത്ഥികളായാണ് അമേരിക്കയിൽ കഴിഞ്ഞിരുന്നതെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ മാർക്ക് പ്രോകോഷ് പറഞ്ഞു. നീല തൊപ്പിയും ബാഗും ധരിച്ച അഞ്ചു വയസുകാരനെ സായുധരായ ഉദ്യോഗസ്ഥർ ബലമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലിയാമിനെയും പിതാവിനെയും വീടിന്റെ ഡ്രൈവ്‌വേയിൽ വച്ച് മാസ്‌ക് ധരിച്ച ഏജന്റുമാർ തടയുകയായിരുന്നു. ഈ സമയം കുട്ടിയുടെ അമ്മ വീടിനുള്ളിലായിരുന്നു. വീടിനുള്ളിലുള്ളവരെ പുറത്തിറക്കാനായി മനപൂർവ്വം കുട്ടിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അമ്മയെ പിടികൂടാനുള്ള ഒരു ഇരയായി ഉദ്യോഗസ്ഥർ കുട്ടിയെ ഉപയോഗിക്കുകയായിരുന്നെന്ന് കൊളംബിയ ഹൈസ്‌കൂൾ ബോർഡ് ചെയർപേഴ്‌സൺ മേരി ഗ്രാൻലണ്ട് പറഞ്ഞു. പുറത്തിറങ്ങരുതെന്ന ഭർത്താവിന്റെ നിർദേശം ലിയാമിന്റെ അമ്മ അനുസരിക്കുകയായിരുന്നു. സ്‌കൂൾ അധികൃതരും അയൽവാസികളും ലിയാമിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചെങ്കിലും ഐസിഇ ഉദ്യോഗസ്ഥർ അത് നിരസിക്കുകയായിരുന്നു.
മുൻവൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പടെ സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തി. കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ പുതിയ ഉത്തരവുകൾ കുടുംബങ്ങളെ തകർക്കുന്നതാണെന്നും അമേരിക്കൻ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ഡിറ്റൻഷൻ സെന്ററിൽ കഴിയുന്ന ലിയാമിന്റെയും പിതാവിന്റെയും മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.