'ചുമ്മാ', താടിയില്ലാത്ത മീശപിരിച്ച ചിത്രവുമായി മോഹൻലാൽ, വിന്റേജ് ലാലേട്ടൻ തിരിച്ചെത്തിയെന്ന് ആരാധകർ

Friday 23 January 2026 3:17 PM IST

താടി വടിച്ച് മീശ പിരിച്ച് ഗംഭീര മേക്കോവറിൽ വീണ്ടും നടൻ മോഹൻലാൽ. സമൂഹമാദ്ധ്യമങ്ങളിൽ താരം പങ്കുവച്ച ചിത്രം ഇപ്പോൾ ഏറെ വൈറലായിരിക്കുകയാണ്. എൽ366 എന്ന ഹാഷ്‌ടാഗിൽ 'ചുമ്മാ' എന്ന് തലവാചകത്തോടെയാണ് ലാൽ തന്റെ ചിത്രം പങ്കുവച്ചത്. തുടരും ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം പുതിയ ചിത്രത്തിനുവേണ്ടിയുള്ള മോഹൻലാലിന്റെ ലുക്കാണ് ഇത്. 2020ൽ റിലീസായ ബിഗ് ബ്രദറിന് ശേഷം ലാലിന്റെ ഈ ലുക്ക് ആദ്യമാണ്. പൊലീസ് ഉദ്യോഗസ്ഥനായാണ് പുതിയ ചിത്രത്തിൽ ലാലെത്തുന്നത്.

ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്റെ ബാനറിലെ ആദ്യ ചിത്രം കൂടിയാകും എൽ366. തുടരും ചിത്രത്തിലെ കോടതി രംഗം ചിത്രീകരിച്ച സ്ഥലത്താണ് പുതിയ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചത്. തൊടുപുഴയിലാണിത്. ചിത്രത്തിന്റെ പൂജാവേളയിൽ താടിവച്ച ലാലിനെയാണ് കണ്ടിരുന്നത്. തരുൺ മൂർത്തി-മോഹൻലാൽ ചിത്രത്തിൽ നായികയാകുക മീരാ ജാസ്‌മിനാണ്. തുടരും ചിത്രത്തിലെ അണിയറപ്രവർത്തകർ പലരും ഈ ചിത്രത്തിലുമുണ്ട്. രതീഷ് രവിയാണ് തിരക്കഥ. ക്യാമറ-ഷാജികുമാർ,​ സംഗീതം-ജേക്‌സ് ബിജോയ്,​ ബിനു പപ്പുവാണ് സഹസംവിധാനം,​വിവേക് ഹർഷൻ എഡിറ്റിംഗ്. സൗണ്ട് ഡിസൈൻ- വിഷ്‌ണു ഗോവിന്ദ്,​ കലാസംവിധാനം-ഗോകുൽദാസ്,​ കോസ്റ്റ്യൂം- മഷാർ ഹംസ,​ പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ,​ മേക്കപ്പ് റോണക്‌സ് സേവ്യർ.