കേരളത്തിൽ 20 സ്‌റ്റോപ്പുകൾ, 11.40ന് പുറപ്പെട്ടാൽ അഞ്ച് മണിക്ക് മംഗളൂരുവിൽ; സാധാരണക്കാരായ മലയാളികൾക്ക് അനുഗ്രഹം

Friday 23 January 2026 4:03 PM IST

മംഗളൂരു: ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നടത്തിയത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാഗർകോവിൽ- മംഗളൂരു അമൃത് ഭാരത് എക്‌സ്‌പ്രസ്. നാഗർകോവിലിൽ നിന്ന് യാത്ര തിരിച്ച് മംഗളൂരുവിൽ എത്തുന്ന ഈ ട്രെയിന് ഒട്ടനവധി പ്രത്യേകതകളുണ്ട്. 16329 എന്ന നമ്പറിൽ നാഗർകോവിലിൽ നിന്ന് എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 11.40ന് മംഗളൂരുവിലേക്ക് പുറപ്പെടും. തുടർന്ന് രാവിലെ 05.00ന് മംഗളൂരിവിൽ എത്തിച്ചേരും. തൊട്ടടുത്ത ദിവസം 16330 എന്ന നമ്പറിൽ രാവിലെ എട്ടിന് പുറപ്പെടും. തുടർന്ന് അതേദിവസം രാത്രി 10.05ന് നാഗർകോവിലിൽ എത്തിച്ചേരും.

നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസാണെങ്കിലും ഈ ട്രെയിനിൽ എസി കോച്ചുകൾ ഉണ്ടാകില്ല. മികച്ച സീറ്റിംഗ് സംവിധാനങ്ങളും ചാർജിംഗ് പോയിന്റുകളും ട്രെയിനിലുണ്ട്. ശുചിമുറികളിൽ വെള്ളം ലഭിക്കാൻ സെൻസർ പോയിന്റ് സംവിധാനമാണുള്ളത്. ആകെ 22 കോച്ചുകളുണ്ട്. ഇതിൽ 12 എണ്ണം സ്‍ലീപ്പർ ക്ലാസ് കോച്ചുകളാണ്. എട്ട് ജനറൽ കോച്ചുകളും ഭിന്നശേഷിക്കാർക്കും കയറാവുന്ന രണ്ട് ലഗേജ് വാനുകളുമുണ്ട്. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാനുള്ള കവച് സംവിധാനവും ഈ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ പ്രധാന സ്​റ്റേഷനുകളായ തിരുവനന്തപുരം സെൻട്രൽ, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം എന്നിവിടങ്ങളിലൂടെ കടന്നുപോകും. നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 20 സ്​റ്റേഷനുകളിൽ സ്​റ്റോപ്പുകളുണ്ട്, കാസർകോട്, കണ്ണൂർ, തലശേരി,കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, ശിവഗിരി, വർക്കല, തിരുവനന്തപുരം സെൻട്രൽ തുടങ്ങിയവയാണ് കേരളത്തിലെ സ്​റ്റോപ്പുകൾ.

സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ ആധുനിക സൗകര്യങ്ങളോടെ ദീർഘദൂര യാത്ര സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ അവതരിപ്പിച്ചത്. ഇവയ്ക്ക് മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകും.