ചെറിയ മുറിവിന് ഐസിയുവിലാക്കി, ബിൽ വാങ്ങിയത് ലക്ഷങ്ങൾ, അമേരിക്കയിലെ ആരോഗ്യരംഗത്തെക്കുറിച്ച് പരാതിയുമായി യുവാവിന്റെ വീഡിയോ

Friday 23 January 2026 4:33 PM IST

ന്യൂയോർക്ക്: ഒരു ചെറിയ പേശീപ്രശ്‌നം കാരണം യുവാവിന് ഐസിയുവിൽ ചെലവാക്കേണ്ടി വന്നത് അഞ്ച് ലക്ഷത്തോളം രൂപ. അമേരിക്കയിലെ ആരോഗ്യസംവിധാനങ്ങളുടെ യഥാർത്ഥ ചിത്രം വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് അമേരിക്കയിലെ ന്യൂയോർക്കിൽ താമസിക്കുന്ന ഇന്ത്യക്കാരനായ പാർത്ഥ് വിജയ്‌വെർഗിയ. 'യുഎസിലെ ആരോഗ്യസംരക്ഷണ ചെലവ് ഭ്രാന്തമാണ്. ഒരു യഥാർത്ഥ സംഭവം' എന്ന തലവാചകത്തോടെ പാർത്ഥ് വിജയ്‌വെർഗിയ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതാണ് വീഡിയോ.

'പലരും അമേരിക്ക ജീവിതച്ചെലവ് ഏറിയ സ്ഥലമാണ് എന്ന് പറയാറുണ്ട്. എത്ര വലിയ ചെലവാണ് ഇവിടെയെന്ന് ഞാൻ പറയാം.' പാർത്ഥ് പറയുന്നു. ഡിസംബർ 25ന് ഐസ് സ്‌കേറ്റിംഗിനിടെ പാർത്ഥിന്റെ കാൽമുട്ടിൽ ആരോ തട്ടി.എന്റെ മുട്ടിന് പരിക്കേറ്റെന്നോ ഒടിഞ്ഞെന്നോ ഞാൻ കരുതി.' പാർത്ഥ് കുറിച്ചു. ആശുപത്രിയിൽ പോകുന്നത് തന്നെയാണ് നല്ലതെന്ന് തോന്നി എന്നാൽ വലിയ വിലകൊടുത്ത് ആംബുലൻസിൽ പോകാൻ തോന്നിയില്ല. അതിനാൽ ടാക്‌സി പിടിച്ചാണ് ആശുപത്രിയിലെത്തിയത്.

'ഒന്നര മണിക്കൂറോളം ആശുപത്രിയിലെ എമർജൻസി റൂമിൽ ചെലവഴിച്ചു. ഡോക്‌ടർമാർ എക്‌സ്‌റേ എടുത്തു. എന്റെ മുട്ട് പരിശോധിച്ചു. പേശീ പ്രശ്‌നമാണ് എന്ന് മനസിലാക്കി ബാൻഡേജ് ധരിച്ചു.' പാർത്ഥ് പറഞ്ഞു. ശേഷം ഡിസ്‌ചാർജ് ചെയ്യുകയായിരുന്നു. അപ്പോൾ വീട്ടിലെത്തിയെങ്കിലും ആഴ്‌ചകൾക്കകമാണ് ആ ആശുപത്രി സന്ദർശനത്തിന്റെ സാമ്പത്തിക ആഘാതമുണ്ടായതെന്ന് യുവാവ് പറയുന്നു.

ഇൻഷ്വറൻസ് കമ്പനിയുടെ പ്രതിനിധി പിന്നാലെ വിളിച്ചു. 1800 ഡോളർ (ഏകദേശം ഒന്നരലക്ഷം രൂപ) നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിനുപുറമേ ഇൻഷ്വറൻസ് കമ്പനി 4000 മുതൽ 4500 ഡോളർ വരെ നൽകി അങ്ങനെ ഒന്നര മണിക്കൂർ ഐസിയുവിൽ കിടന്നതിന് 4.8 മുതൽ 5.2 ലക്ഷം രൂപ വരെ ചെലവായി.

യുവാവിന്റെ പോസ്റ്റിനുചുവട്ടിൽ ചെറിയ ആരോഗ്യപ്രശ്‌നത്തിനുപോലും ഇന്ത്യയിലേക്ക് പോകേണ്ടിവന്നുവെന്ന് പലരും കമന്റ് ചെയ്‌തിട്ടുണ്ട്. ചെറിയ പ്രശ്‌നങ്ങൾ ശിക്ഷയായി മാറുന്നത് ഇങ്ങനെയാണെന്നും ചിലർ കുറിച്ചു.