വഴക്കിനെത്തുടർന്ന് ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി; യുവതി കസ്റ്റഡിയിൽ

Friday 23 January 2026 4:51 PM IST

മലപ്പുറം: കുടുംബ വഴക്കിനെത്തുടർന്ന് യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പള്ളത്ത് വീട്ടിൽ ഭരത് ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഭരത് ചന്ദ്രന്റെ ഭാര്യ സജീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സജീനയും ഭരത് ചന്ദ്രനും തമ്മിൽ നേരത്തെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. വഴക്കിനെത്തുടർന്ന് ഭരത് സജീനയെ തിരുവനന്തപുരത്തെ വീട്ടിൽ കൊണ്ടുവിട്ടു. ഭരത് രണ്ടാമതും വിവാഹം കഴിക്കാനായി ഒരുങ്ങുന്നുവെന്നറിഞ്ഞാണ് സജീന മലപ്പുറത്തെത്തിയത്. പെട്രോളും കത്തിയും കയ്യിൽ കരുതിയിരുന്നു. ഭരതിന്റെ കൈയ്ക്കും ഭർതൃമാതാവിന്റെ വയറ്റിലുമാണ് കുത്തേറ്റത്. ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.