ബോർഡിംഗ് പാസ് മാറി നൽകി സുഹൃത്തിനെ ലണ്ടനിലേക്ക് കടത്തി; ശ്രീലങ്കൻ സ്വദേശി പിടിയിൽ

Friday 23 January 2026 5:33 PM IST

ബംഗളൂരു: സ്വന്തം വിസയും ബോർഡിംഗ് പാസും ഉപയോഗിച്ച് മറ്റൊരാളെ ലണ്ടനിലേക്ക് യാത്ര ചെയ്യാൻ സഹായിച്ച ശ്രീലങ്കൻ സ്വദേശി ബംഗളൂരു വിമാനത്താവളത്തിൽ അറസ്റ്റിൽ. കണ്ടയ്യ രാജഗോപാൽ എന്നയാളെയാണ് എയർപോർട്ട് അധികൃതർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 18നായിരുന്നു സിനിമയെ വെല്ലുന്ന തട്ടിപ്പ് അരങ്ങേറിയത്. ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കിയ ശേഷം രാജഗോപാൽ തന്റെ ബോർഡിംഗ് പാസും യുകെ വിസയും ഒരു സുഹൃത്തിന് കൈമാറുകയായിരുന്നു. ഈ രേഖകൾ ഉപയോഗിച്ച് സുഹൃത്ത് ലണ്ടനിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക് വിമാനത്തിൽ കയറി യാത്ര തിരിച്ചു.

സുഹൃത്തിനെ വിമാനത്തിൽ കയറ്റി വിട്ട ശേഷം, രാജഗോപാൽ മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്ത് അവിടെ നിന്നും രക്ഷപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടത്. രാജഗോപാലിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധികൃതർ വിർജിൻ അറ്റ്ലാന്റിക് വിമാനക്കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഇതേ പേരിൽ ഒരാൾ ഇതിനോടകം ലണ്ടനിലേക്ക് പറന്നതായി വ്യക്തമായത്.

അന്വേഷണത്തിൽ ശരൂഷൻ കുണശേഖരൻ എന്ന മറ്റൊരു ശ്രീലങ്കൻ സ്വദേശിയെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ഇയാൾ അന്ന് സിംഗപ്പൂരിലേക്ക് പോകാനായി ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് എടുത്തിരുന്നുവെങ്കിലും വിമാനത്തിൽ കയറിയിരുന്നില്ല. സുരക്ഷാ മേഖലയിൽ ഇയാളെ കണ്ടെത്താനും സാധിച്ചില്ല. കുണശേഖരനാണോ രാജഗോപാലിന്റെ രേഖകൾ ഉപയോഗിച്ച് ലണ്ടനിലേക്ക് പോയതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

പരിശോധനകൾ വെട്ടിച്ച് രണ്ടാമത്തെയാൾ എങ്ങനെ വിമാനത്തിൽ കയറികൂടി എന്നത് വൻ സുരക്ഷാ വീഴ്ചയായിട്ടാണ് അധികൃതർ കാണുന്നത്. സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റുകൾ ഉണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.