വികസന ബ്ലൂ പ്രിന്റ് എവിടെ , പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത ആളാണോ മേയറെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മേയർ വി.വി. രാജേഷിനെ സ്വീകരണച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചാൽ, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുമെന്നായിരുന്നു" തിരഞ്ഞെടുപ്പ് കാലത്ത് അവർ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ, പ്രധാനമന്ത്രി എത്തിയപ്പോൾ മേയർക്ക് ആ പട്ടികയിൽ ഇടമില്ല. നഗരത്തിന്റെ പ്രഥമ പൗരനായ മേയറെ ഔദ്യോഗിക ചടങ്ങിൽ നിന്ന് മാറ്റിനിറുത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ബി.ജെ.പിയിലെ ഗ്രൂപ്പിസമാണോ ഇതിന് പിന്നിലെന്നും വി.വി. രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം സ്റ്റാറ്റസ് ഇല്ലാത്ത ആളാണോ എന്നും മന്ത്രി ചോദിച്ചു.
45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ട് എത്തി ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കും എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ അവകാശവാദം. തിരുവനന്തപുരത്തിന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ 'വികസന ബ്ലൂ പ്രിന്റ്' എവിടെ? തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിക്കാൻ ബാദ്ധ്യത ഇല്ല എന്ന നിലപാട് ബി.ജെ.പി ഇവിടെയും ആവർത്തിക്കുകയാണെന്നും ശിവൻകുട്ടി പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭാ മേയറെ സ്വീകരണ ചടങ്ങിൽ നിന്ന് ഒഴിവാക്കിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നഗരത്തിന്റെ പ്രഥമ പൗരനായ മേയറെ ഔദ്യോഗിക ചടങ്ങിൽ നിന്ന് മാറ്റിനിർത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണ്.
ഇക്കാര്യത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പ് അത്ഭുതപ്പെടുത്തുന്നു. "തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി പിടിച്ചാൽ, ഔദ്യോഗിക വസ്ത്രമണിഞ്ഞ് മേയർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുമെന്നായിരുന്നു" തിരഞ്ഞെടുപ്പ് കാലത്ത് അവർ വ്യാപകമായി പ്രചരിപ്പിച്ചത്. എന്നാൽ, പ്രധാനമന്ത്രി എത്തിയപ്പോൾ മേയർക്ക് ആ പട്ടികയിൽ ഇടമില്ല. ബിജെപിയിലെ ഗ്രൂപ്പിസമാണോ ഇതിന് പിന്നിൽ? അതോ ശ്രീ. വി.വി രാജേഷ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മാത്രം 'സ്റ്റാറ്റസ്' ഇല്ലാത്ത ആളാണോ? ഇക്കാര്യത്തിൽ വരുന്ന വിശദീകരണങ്ങളൊന്നും മുഖവിലയ്ക്കെടുക്കാൻ കഴിയില്ല.
തിരുവനന്തപുരത്തിന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ 'വികസന ബ്ലൂ പ്രിന്റ്' എവിടെ? 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ട് എത്തി ബ്ലൂ പ്രിന്റ് പ്രഖ്യാപിക്കും എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം. തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിക്കാൻ ബാധ്യത ഇല്ല എന്ന നിലപാട് ബിജെപി ഇവിടെയും ആവർത്തിക്കുകയാണ്.
സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള സാമ്പത്തിക ഉപരോധമാണ് കേന്ദ്രം നടത്തുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ പറയട്ടെ, നമ്മുടെ സ്കൂളുകൾക്കുള്ള സമഗ്ര ശിക്ഷാ ഫണ്ടിൽ 1,148.13 കോടി രൂപയാണ് കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. ഇത് കേവലം ഒരു കണക്കല്ല, നമ്മുടെ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്.
വയനാട് ദുരന്തമുണ്ടായപ്പോൾ പോലും അർഹമായ സഹായം നിഷേധിച്ചവരാണ് ഇവർ. കേന്ദ്ര ആവിഷ്കൃത പദ്ധതികൾ സംസ്ഥാനം നടപ്പിലാക്കുന്നില്ല എന്ന ആരോപണം പച്ചക്കള്ളമാണ്.
ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കൾ യുപിയും ബിഹാറുമൊക്കെ മാതൃകയാക്കിയാണ് കേരളത്തെ വിലയിരുത്തുന്നത്. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാലയങ്ങളുടെ ശൃംഖല കേരളത്തിലാണുള്ളത്. പി എം ശ്രീ സ്കൂളിനേക്കാൾ എത്രയോ മികച്ചതാണ് കേരളത്തിലെ മിക്ക സർക്കാർ സ്‌കൂളുകളും.
കേരളത്തിന് അർഹമായ ഫണ്ടുകൾ അനുവദിക്കാതെ, വികസനത്തിന് തുരങ്കം വെക്കുന്ന നടപടി കേന്ദ്രസർക്കാർ അവസാനിപ്പിക്കണം. റെയിൽവേ വികസനത്തിലെ അവഗണന അവസാനിപ്പിക്കാനും, തടഞ്ഞുവെച്ചിരിക്കുന്ന വിദ്യാഭ്യാസ ഫണ്ട് അടിയന്തരമായി അനുവദിക്കാനും കേന്ദ്രം തയ്യാറാകണം.
അവകാശങ്ങൾക്കായി നമ്മൾ ശബ്ദമുയർത്തിക്കൊണ്ടേയിരിക്കും.