നിവിൻ പോളിയും അഖിൽ സത്യനും വീണ്ടും

Saturday 24 January 2026 6:18 AM IST

സർവ്വം മായ 150 കോടി ക്ളബിലേക്ക്

സർവ്വം മായയുടെ ബ്ളോക്‌ബസ്‌റ്റർ വിജയത്തിനുശേഷം അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിൻ പോളി നായകൻ. നിർണായക വേഷത്തിൽ അജു വർഗീസും അൽത്താഫ് സലിമും ഉണ്ടാകും . ഉർവശി ആയിരിക്കും മറ്റൊരു പ്രധാന താരം. മുപ്പതുകൾ കടന്ന ആളിന്റെ പ്രണയവും കോമഡിയും ആണ് പുതിയ ചിത്രത്തിന്റെ പ്രമേയം. യേ ജമാനി ഹേ ദീവാനി പോലുള്ള ബോളിവുഡ് റൊമാന്റിക് കോമഡി ചിത്രം പോലെയായിരിക്കും അടുത്തി സിനിമ എന്ന്അ ഖിൽ സത്യൻ വ്യക്തമാക്കി.

അതേസമയം സർവ്വം മായ ആഗോള ബോക്സ് ഓഫീസിൽ 150 കോടി ക്ളബിലേക്ക് അടുക്കുന്നു. റിലീസ് ചെയ്ത് 27-ാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് ഈ നേട്ടം. അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ, ജനാർദ്ദനൻ, വിനീത്, രഘുനാഥ് പലേരി, മധു വാര്യർ, മേതിൽ ദേവിക, പ്രിയ വാര്യർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ജനുവരി 30 മുതൽ സർവ്വം മായ ജിയോ ഹോട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബേത്‌ലഹേം കുടുംബ യൂണിറ്റിൽ അഭിനയിക്കുകയാണ് നിവിൻപോളി. മമിത ബൈജു നായികയാവുന്ന ചിത്രത്തിൽ സംഗീത് പ്രതാപ്, ബിന്ദുപണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർഖാൻ, സ്രിന്ധ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഗിരീഷ് എ.ഡിയും കിരൺജോസിയും ചേർന്നാണ് രചന. ഒാണം റിലീസാണ് ബേത്‌ലഹേം കുടുംബ യൂണിറ്റ്.