എറണാകുളത്ത് പുരോഗമിക്കുന്നു, ബാച്ച്‌ലർ പാർട്ടി ഡ്യൂയിൽ രജിഷയും നദിയയും
അമൽ നീരദിന്റെ ബാച്ച്‌ലർ പാർട്ടിയുടെ രണ്ടാം ഭാഗം ബാച്ച്ലർ പാർട്ടി ഡ്യൂയിൽ നദിയ മൊയ്‌തുവും രജിഷ വിജയനും.എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ നസ്‌ലിൻ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും ചിത്രത്തിൽ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ടന്നാണ് വിവരം. നദിയ മൊയ്തു വീണ്ടും അമൽ നീരദ് ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട് .ബ്ലോക്ക്ബസ്റ്ററായ ഭീഷ്മപർവ്വമാണ് നദിയ മൊയ്തു ആദ്യം അഭിനയിച്ച അമൽ നീരദ് ചിത്രം. ഇതാദ്യമായാണ് രജിഷ വിജയൻ അമൽ ചിത്രത്തിന്റെ ഭാഗമാകുന്നത് . ഇടവേളയ്ക്കുശേഷം സിനിമയിൽ സജീവമാണ് രജിഷ വിജയൻ . കളങ്കാവൽ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. ക്രിഷാന്ദിന്റെ മസ്തിക മരണം ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. അമൽ നീരദ് പ്രൊഡക്ഷൻസും അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സും
ഫഹദ് ഫാസിൽ പ്രൊഡക്‌ഷൻസും ചേർന്നാണ് ബാച്ച്ലർ പാർട്ടി ഡ്യൂ നിർമ്മിക്കുന്നത്. മറ്റു അണിയറ പ്രവർത്തകർ ആരെന്ന് അറിവായിട്ടില്ല. എ&എ തിയേറ്ററുകളിലെത്തിക്കും.
അതേസമയം അമൽ നീരദ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ കോമഡി ആക്ഷൻ ചിത്രം ആണ് ബാച്ച്‌ലർ പാർട്ടി. ആസിഫ് അലി, റഹ്‌മാൻ, ഇന്ദ്രജിത്ത്, കലാഭവൻ മണി, വിനായകൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തിയത്. അമൽ നീരദ് സിനിമകളിൽ കൾട്ട് ആരാധകരുള്ള ചിത്രം ആണ് ബാച്ച്‌ലർ പാർട്ടി.