വികസന നേട്ടങ്ങൾ പറയാനില്ല , കേരളത്തിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വർഗീയത മാത്രമാണെന്ന് വി ഡി സതീശൻ
തിരുവനന്തപുരം : മഹാരഥൻമാർ ഇരുന്ന പ്രധാനമന്ത്രിക്കസേരയിൽ ഇരുന്ന് പച്ചയ്ക്ക് വർഗീയത വിളിച്ചുപറയുന്നത് ആപത്കരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിൽ ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും തിരഞ്ഞെടുപ്പ് അജണ്ട വർഗീയത മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിലൂടെ വ്യക്തമായെന്നും സതീശൻ പറഞ്ഞു.
വികസന നേട്ടങ്ങൾ ഒന്നും പറയാനില്ല. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോ കേരളത്തിന്റെ മുൻഗണനാ ക്രമങ്ങളെ കുറിച്ചോ പറയാൻ നാവനക്കിയില്ല. പകരം പറയുന്നത് വർഗീയത മാത്രം. അത് ഇന്ത്യയെന്ന മഹനീയമായ ആശയത്തെയും രാജ്യത്തിന്റെ മൂല്യങ്ങളെയും വികലമാക്കുന്നതിന് തുല്യമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
ഇത് മതേതര കേരളമാണെന്ന് മോദിക്കും ബി,ജെ.പിക്കും ഉടൻ ബോദ്ധ്യമാകും. പല സംസ്ഥാനങ്ങളിലും പയറ്റുന്ന വിഭജന രാഷ്ട്രീയവും വർഗീയ വിഷപ്രചാരണവും കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ല. കോൺഗ്രസിന്റെയും ലീഗിന്റെയും യു.ഡി.എഫിന്റെയും മുൻഗണനാ പട്ടികയിൽ ആദ്യത്തേത് മതേതരത്വം സംരക്ഷിക്കുക എന്നതാണ്. വർഗീയ ശക്തികളെ ഈ മണ്ണിൽ കുഴിച്ചുമൂടാനും മതേതരത്വം സംരക്ഷിക്കാനും ഏതറ്റം വരെയും പോകും. നാല് വോട്ടിന് വേണ്ടിയോ ഒരു തിരഞ്ഞെടുപ്പ് ജയിക്കാനോ വർഗീയതയെ താലോലിക്കുന്ന നെറികെട്ട നയം കോൺഗ്രസിനോ യു.ഡി.എഫിനോ ഇല്ല. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് നരേന്ദ്രമോദിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.