കൊച്ചിയിൽ തോക്കുചൂണ്ടി കവർച്ച: ഒളിവിലായിരുന്ന യുവാവ് അറസ്റ്റിൽ
കൊച്ചി: മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ തോക്കുചൂണ്ടി കാറിൽ തട്ടിക്കൊണ്ടുപോയി കവർച്ചചെയ്ത കേസിൽ ഒരുപ്രതികൂടി അറസ്റ്റിൽ. കാസർകോട് നീലേശ്വരം തൈക്കടപ്പുറം നന്ദിനി വീട്ടിൽ ഷരുണിനെയാണ് (30) എറണാകുളം നോർത്ത് പൊലീസ് കണ്ണൂരിലെ ഒളിത്താവളത്തിൽനിന്ന് അറസ്റ്റുചെയ്തത്.
ഡിസംബർ 7ന് രാത്രി 9.30നാണ് എറണാകുളം നഗരത്തിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന ചിൻമെ ദത്താരം ആംബ്രേയെ അഞ്ചുപേരടങ്ങുന്ന സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. ഹൈക്കോടതി ജംഗ്ഷനിലെ താമസസ്ഥലത്തുനിന്ന് എറണാകുളം നോർത്ത് അയ്യപ്പൻകാവ് റോഡിന് സമീപം താമസിക്കുന്ന സുഹൃത്തിനെ കാണാൻ നടന്നുവരുമ്പോഴായിരുന്നു സംഭവം. കാറിനകത്തുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തശേഷം പാലാരിവട്ടത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു.
കേസിൽ പത്തനംതിട്ട സ്വദേശി ജോയൽ, തൃക്കാക്കര സ്വദേശി സാബിർ അബുതാഹിർ, ഇയാളുടെ ജീവിതപങ്കാളി ജസ്രീന എന്നിവരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയ കാറോടിച്ചത് ഷരുണാണെന്ന് നോർത്ത് പൊലീസ് അറിയിച്ചു. ഇയാൾ കൊച്ചിയിൽ കാർഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഒളിവിലുള്ള സംഘത്തലവനുവേണ്ടി അന്വേഷണം തുടരുന്നു. നോർത്ത് എസ്.എച്ച്.ഒ ജിജിൻ ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.