പങ്കാളികളുടെ മനസ് കാണാതെ പോകുന്നവർ

Saturday 24 January 2026 12:30 AM IST

മുൻകാലങ്ങളിൽ വിവാഹ മംഗളാശംസ ഒരു പ്രധാന ചടങ്ങായിരുന്നു. വധൂവരന്മാർക്ക് നേരിട്ടും ഗാനങ്ങളിലൂടെയും ആശംസകൾ നേരും. ഒരേ മനസോടെ ദീർഘകാലം ദാമ്പത്യജീവിതം നയിക്കുന്നവർ കുടുംബത്തിലും സമൂഹത്തിലും മാതൃകയായിരിക്കും. വിവാഹസങ്കല്പങ്ങളും ചടങ്ങുകളും മാറിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തിന് മുമ്പും ശേഷവും നിരവധി ചടങ്ങുകൾ ഇപ്പോൾ നടക്കാറുണ്ട്. ആഡംബരപൂർണമായാണ് പല ചടങ്ങുകളും. സ്വർണവില അനുദിനം കൂടിക്കൊണ്ടിരിക്കുകയാണെങ്കിലും വിവാഹചടങ്ങുകളിൽ അതിന്റെ കനത്തിനും തിളക്കത്തിനും ഒരു കുറവും കാണാറില്ല. പക്ഷെ വിവാഹജീവിതത്തിൽ പലപ്പോഴും അതുവരെയുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും മങ്ങിപ്പോകുന്നു എന്നതാണ് യാഥാർത്ഥ്യം. കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശിഥിലമാകുന്ന വിവാഹബന്ധങ്ങളാണ്.

മനുഷ്യജീവിതം ഇണക്കങ്ങളും പിണക്കങ്ങളും ചേർന്നതാണ്. രണ്ടു കുടുംബങ്ങളിലുള്ള വധൂവരന്മാർ ചേരുമ്പോഴും ചില്ലറ സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടായെന്നുവരാം. കുടുംബത്തിലെ,​ അറിവും പക്വതയുമുള്ളവർ ഇരുചെവിയറിയാതെ അത് രമ്യമായും രഹസ്യമായും പരിഹരിച്ചെന്നുവരാം. അത്തരം ഇടപെടലുകളും ചേർത്തുപിടിക്കലുകളും കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് കുടുംബങ്ങളിലെ ആത്മഹത്യകളും കൊലപാതകങ്ങളും. സ്‌ത്രീധനം ഒരു സാമൂഹിക അനാചാരമാണെന്ന് എല്ലാ മതങ്ങളും പറയുന്നുണ്ടെങ്കിലും അതിനെച്ചൊല്ലി നടക്കുന്ന ഗാർഹിക പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും ഒരറുതിയുമില്ല. സാംസ്‌കാരികമായും സാമ്പത്തികമായും ഉയർന്നവർപോലും ഈ അനാചാരക്കുരുക്കിൽ നിന്ന് മോചിതരാകുന്നില്ല എന്നതാണ് കഷ്ടം. ഇരുപത്തിയഞ്ചു ദിവസം കൂടെ താമസിച്ച ഉണ്ണിക്കൃഷ്ണൻ,​ 'ഉപയോഗിച്ച ഉടുപ്പു പോലെ" മകളെ വലിച്ചെറിഞ്ഞെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നും തിരുവനന്തപുരം കമലേശ്വരത്ത് മകൾക്കൊപ്പം കഴിഞ്ഞ ദിവസം ജീവനൊടുക്കിയ അമ്മ സജിതാരാജിന്റെ കുറിപ്പിൽ പറയുന്നത് കേരളത്തിന് കേൾക്കാതിരിക്കാനാവില്ല. ഇത് ഒരമ്മയുടെ മാത്രം ദുഃഖമല്ല. ഇത്തരത്തിൽ മനോവിഷമത്തോടെ ജീവിക്കുന്ന എത്രയോ രക്ഷിതാക്കൾ കേരളത്തിലുണ്ടാകും.

സജിതയും മകൾ ഗ്രീമയും ജീവനൊടുക്കിയ സംഭവത്തിലാണ് പ്രതിയായ ഭർത്താവ് ഉണ്ണിക്കൃഷ്ണൻ പിടിയിലായത്. കേരള പൊലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് പ്രകാരം വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ മുംബയ് വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞുവയ്ക്കുകയായിരുന്നു. അയർലൻഡിൽ ജോലിചെയ്യുന്ന ഉണ്ണിക്കൃഷ്ണൻ ഏതു സമയത്തും വിദേശത്തേയ്ക്കു കടക്കാൻ ശ്രമിക്കുമെന്ന് പൂന്തുറ പൊലീസ് സംശയിച്ചിരുന്നു. അതുകൊണ്ടാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ആത്മഹത്യാക്കുറിപ്പിൽ പേരുണ്ടെന്ന് അറിഞ്ഞതോടെ ഉണ്ണിക്കൃഷ്ണൻ കേരളം വിട്ട് മുംബയ് വഴി വിദേശത്തേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് തക്കസമയത്ത് വലവീശിയില്ലായിരുന്നെങ്കിൽ അയാൾ ഏതുവിധേനയും രക്ഷപ്പെടുമായിരുന്നു. പിരിയാൻ തക്ക കാരണമൊന്നും ഉണ്ടായിരുന്നില്ലെന്ന് സജിതയുടെ കുറിപ്പിൽ പറയുന്നുണ്ട്. ഉണ്ണിക്കൃഷ്ണനും സഹോദരന്മാരും തങ്ങളുടെ സ്വത്തുക്കൾ അനുഭവിക്കാൻ ഇടവരരുതെന്നും കുറിപ്പിൽ വിശദമാക്കുന്നുണ്ട്. മകളുടെ ജീവിതം തകർത്തയാളോടുള്ള കോപവും അമർഷവും ഈ വാക്കുകളിൽ പ്രതിഫലിക്കുന്നു. ഇരുന്നൂറിലധികം പവൻ സ്വർണവും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നൽകിയാണ് ഗ്രീമയുടെ വിവാഹം നടത്തിയത്.

സജിതയുടെ ഭർത്താവും മുൻ കൃഷി ഓഫീസറുമായ രാജീവ് ഒരുമാസം മുമ്പാണ് ഹൃദയാഘാതംമൂലം മരിച്ചത്. ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഉണ്ണിക്കൃഷ്ണൻ ഗ്രീമയുമായുള്ള വിവാഹബന്ധം തുടരാൻ താത്‌പര്യമില്ലെന്ന് അറിയിച്ചത് അമ്മയെയും മകളെയും കടുത്ത മനോവിഷമത്തിലാക്കിയിരുന്നു. തുടർന്നാണ് ഇരുവരും സയനൈഡ് കഴിച്ച് ജീവനൊടുക്കിയത്. ഇവർക്ക് എങ്ങനെ സയനൈഡ് ലഭിച്ചുവെന്നതും ദുരൂഹമാണ്. സ്നേഹം പങ്കിടാനും നല്ല കുടുംബജീവിതം നയിക്കാനുമല്ല പല ധനമോഹികളും വിവാഹത്തിനൊരുങ്ങുന്നത്. പെൺവീട്ടുകാരെ എത്രത്തോളം ചൂഷണം ചെയ്യാനാകുമെന്ന ചിന്തയാണ് അക്കൂട്ടരെ നയിക്കുന്നത്. മാറിമാറി ഉപയോഗിക്കാവുന്ന വസ്‌ത്രമായി സ്‌ത്രീകളെ കണക്കാക്കുന്ന വികല മനസുള്ള പുരുഷന്മാരുമുണ്ട്. അവർ വിവാഹ കമ്പോളത്തിൽ പ്രവേശിക്കുന്നത് സ്വന്തം സുഖങ്ങളും നേട്ടവും വാരിക്കൂട്ടാനാണ്. അക്കൂട്ടർക്ക് നല്ല ശിക്ഷ വാങ്ങിക്കൊടുക്കാൻ നമ്മുടെ നിയമസംവിധാനം തയ്യാറാകണം. എങ്കിലേ ഇത്തരം കുറ്റകൃത്യങ്ങൾ ഒരളവുവരെയെങ്കിലും ഇല്ലാതാക്കാനാവൂ.