കേന്ദ്ര ബഡ്‌ജറ്റ് ഫെബ്രുവരി ഒന്നിന്, ദമ്പതികൾക്ക് ആശ്വാസമായി കപ്പിൾ ടാക്സ് വരുമോ?
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബഡ്‌ജറ്റിൽ 'കപ്പിൾ നികുതി" പ്രഖ്യാപിക്കുമോ എന്നാണ് രാജ്യത്തെ നികുതിദായകർ ഉറ്റുനോക്കുന്നത്. ഭാര്യയ്ക്കും ഭർത്താവിനും
(ദമ്പതികൾർക്ക്) സംയുക്തമായി റിട്ടേൺ സമർപ്പിക്കാൻ സൗകര്യം ഒരുക്കണമെന്ന നിർദ്ദേശം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) മുന്നോട്ടുവച്ചിട്ടുണ്ട്. ഭാര്യയും ഭർത്താവും വ്യത്യസ്ത റിട്ടേണുകൾ സമർപ്പിക്കുന്ന നിലവിലുള്ള രീതിക്കു പകരം സംയുക്ത വരുമാനം കണക്കാക്കി നികുതി ഇളവുകൾ നേടാൻ ഇതോടെ സാധിക്കുമെന്നതാണ് പ്രധാന ആകർഷണം.
വിവാഹിതരായവർ (ദമ്പതികൾ) ഒരുമിച്ച് സമ്പാദിക്കുകയും ഒരുമിച്ച് ചെലവഴിക്കുകയും ചെയ്യുന്നുവെങ്കിലും വരുമാന നികുതി അവർ പ്രത്യേകം പ്രത്യേകമായാണ് അടയ്ക്കുന്നത്. കുടുംബത്തെ അടിസ്ഥാനമാക്കിയല്ല, വ്യക്തിഗത വരുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലെ നികുതി സമീപനം. സംയുക്ത റിട്ടേൺ നൽകുന്നതിലൂടെ കുടുംബങ്ങളുടെ നികുതി ബാദ്ധ്യതയിൽ വിപ്ളവകരമായ മാറ്റങ്ങളുണ്ടാകും. പല കുടുംബങ്ങളിലും ഒരു പങ്കാളി മാത്രമായിരിക്കും വരുമാനം നേടുന്നത്. നിലവിലെ രീതി അനുസരിച്ച് പ്രതിവർഷം 12 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് അയാൾ നികുതി നൽകേണ്ടിവരുന്നു.
പങ്കാളിക്ക് യാതൊരു വരുമാനവും ഇല്ലെങ്കിലും നികുതി ഇളവിന്റെ ആനുകൂല്യം കുടുംബത്തിന് ലഭിക്കുന്നില്ല എന്നതാണ് നിലവിലെ സംവിധാനത്തിന്റെ ഏറ്റവും വലിയ അപര്യാപ്തത. ഒരു വ്യക്തിയുടെ ശമ്പളം ഉയർന്ന നികുതി സ്ലാബിലേക്കു പോകുമ്പോൾ പങ്കാളിയുടെ അടിസ്ഥാന നികുതി ഒഴിവ് പൂർണമായും ഉപയോഗിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് 2026-ലെ ബഡ്‌ജറ്റിൽ വിവാഹിത ദമ്പതികൾക്കായി ഒരു ഐച്ഛിക സംയുക്ത നികുതി സംവിധാനം വേണമെന്ന ആശയം ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ മുന്നോട്ടുവച്ചത്.
ആഗോളതലത്തിൽ നിരവധി രാജ്യങ്ങൾ നിലവിൽ ഈ സംവിധാനം പിന്തുടരുന്നുണ്ട്. അമേരിക്കയിൽ സംയുക്ത നികുതി ഫയലിംഗ് അനുവദിച്ചിട്ടുണ്ട്. ഫ്രാൻസിലാകട്ടെ മക്കളെയും കൂടി ദമ്പതികൾക്കൊപ്പം ചേർക്കനാകും. ജർമ്മനിയിൽ കുടുംബത്തെ അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. വിവാഹിതർക്കായി പ്രത്യേക നികുതി സ്ലാബുകളും പല സ്ഥലങ്ങളിലും നിലവിലുണ്ട്.
വിപുലമായ
നേട്ടങ്ങൾ
ഇന്നത്തെ സാഹചര്യത്തിൽ, വിവാഹിതരായ ദമ്പതികൾ ഒരുമിച്ച് സമ്പാദിക്കുകയും ചെലവഴിക്കുകയും പരസ്പരം സംരക്ഷിക്കുകയും ജീവിതം ആസൂത്രണം ചെയ്യുകയും ചെയ്യുന്നു. എന്നാൽ, നികുതിയുടെ കാര്യത്തിൽ നിയമം അവരെ പരസ്പരം അറിയാത്തവരായാണ് വിലയിരുത്തുന്നത്. അതിനാൽ രണ്ട് റിട്ടേണുകൾ, രണ്ട് സ്ലാബുകൾ എന്നിവ കൈകാര്യം ചെയ്യേണ്ടി വരുന്നു. ഒറ്റ വരുമാനമുള്ള കുടുംബങ്ങളിൽ ഒരാളുടെ നികുതി ആനുകൂല്യങ്ങൾ ഉപയോഗിക്കപ്പെടാതെ പോകുന്നു. മാത്രമല്ല, വരുമാനം ഇല്ലാത്ത ഭാര്യയ്ക്ക് വീട്ടിൽ ഒരു വിലയുണ്ടാകാനും ഇത് വഴി തെളിക്കും.
ആശയം
ലളിതം
ദമ്പതികൾക്ക് ഒരുമിച്ചോ വ്യത്യസ്തമായോ റിട്ടേണുകൾ ഫയൽ ചെയ്യാൻ ഓപ്ഷൻ നൽകുന്നതാകും അഭികാമ്യം. സംയുക്തമായി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വരുമാനം ഒന്നാക്കി, നികുതി ഒഴിവുകളും സ്ലാബുകളും ബുദ്ധിപൂർവം ഉപയോഗിക്കാനാകും. മുഖ്യ വരുമാനമുള്ള വ്യക്തിക്ക് പുതിയ സംവിധാനം വലിയ ആശ്വാസമാകും. ഇരട്ട വരുമാനമുള്ള ദമ്പതികൾക്ക്, അവർ ആഗ്രഹിക്കുന്നില്ലെങ്കിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ല. ശമ്പളക്കാർക്ക് സ്‌റ്റാൻഡേർഡ് ഡിഡക്‌ഷൻ വ്യക്തികൾക്ക് പുനക്രമീകരിക്കാനും ഓപ്ഷൻ നൽകേണ്ടതുണ്ട്.
നികുതി സ്ലാബുകളുടെ രൂപകല്പനയിലാണ് സംവിധാനത്തിന്റെ വിജയം.
(ദുബായിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിലെ ലൈസൻസ്‌ഡ് ഓഡിറ്ററുമാണ് ലേഖകൻ)
പ്രതീക്ഷിക്കുന്ന സംയുക്ത നികുതി സ്ലാബുകൾ
• സംയുക്ത വരുമാനം 8 ലക്ഷം രൂപ വരെ: നികുതി ഇല്ല • 8 മുതൽ16 ലക്ഷം രൂപ വരെ: 5 % • 16 മുതൽ 24 ലക്ഷം രൂപ വരെ: 10%
• തുടർന്ന് ക്രമേണ ഉയരുന്ന സ്ലാബുകൾ • വരുമാനം 48 ലക്ഷം കവിയുമ്പോൾ മാത്രം 30 % നികുതി