ഡോ. പല്പുവിന്റെ 75-ാം വിയോഗ വാർഷികം നാളെ, നവോത്ഥാന നായകന് സ്‌മാരകം വൈകരുത്
സാമൂഹ്യ പ്രതിബദ്ധതയുടെ ഉജ്ജ്വല മാതൃകയും നിസ്തുല പ്രതീകവുമായിരുന്നു ഡോ. പി. പല്പു. ധർമ്മത്തെയും ദൈവത്തെയും സ്വന്തം നിർവചനങ്ങളിൽ ഒതുക്കിയും, അതിനു ചേരുന്ന പ്രമാണങ്ങളും നിയമങ്ങളും വ്യവസ്ഥകളും ഉണ്ടാക്കിയും, മഹാഭൂരിപക്ഷം വരുന്ന ജനസമൂഹത്തിന്റെ അദ്ധ്വാനവും അവകാശവും ചൂക്ഷണം ചെയ്ത് സുഖജീവിതം നയിച്ചുപോന്ന സവർണ ന്യൂനപക്ഷത്തിന്റെ ഏകാധിപത്യത്തിനു മുന്നിൽ സധൈര്യം നിലകൊണ്ട മഹാവ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. അക്കാരണത്താൽത്തന്നെ ഡോ. പല്പുവിന് കേരള ചരിത്രത്തിലും സമൂഹത്തിലുമുള്ള സ്ഥാനവും മഹത്വവും പല മഹത്പുരുഷന്മാർക്കും മേലെയാണ്.
എന്നാൽ, ഡോ. പല്പു ആരെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ എന്തെല്ലാമെന്നും അറിയാതെപോയൊരു ഭരണ പാരമ്പര്യമാണ് നമുക്കുള്ളത്. കേവലം വോട്ടുകൾ മാത്രം ലക്ഷ്യമാക്കി രാഷ്ട്രീയ- മത മേലാളന്മാർക്ക് സ്മാരകം നിർമ്മിക്കാനും പ്രതിമകൾ സ്ഥാപിക്കാനും ഭൂമി പതിച്ചുനൽകാനും വ്യഗ്രത കാട്ടുന്ന ഇക്കൂട്ടർ, ഡോ. പല്പുവിനെ സ്മരിക്കാതെയുള്ള കേരളത്തിന്റെ നവോത്ഥാന ചരിത്രം അപൂർണവും വികലവുമാണെന്ന കാര്യം സൗകര്യപൂർവം വിസ്മരിച്ചു. ചരിത്രത്തിൽ ഉറച്ചുനിൽക്കുന്ന ആ കാല്പാടുകൾ പതിഞ്ഞിടത്തു നിന്നാണ് കേരളത്തിന്റെ പിന്നീടുള്ള പുരോഗതിയെന്നും മറന്നുപോയി.
മഹത്വത്തിന്റെ
മഹാമാതൃക
ധാർമ്മിക മൂല്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കാത്ത ഡോ. പല്പുവിന്റെ പ്രകൃതം സാമൂഹ്യസേവനത്തിന് ഇറങ്ങുന്നവർക്ക് എക്കാലവും ഒരു മഹാമാതൃകയാണ്. അവസര സമത്വമുള്ള ഒരു ആധുനിക സമൂഹത്തെ ഹൃദയാകാശത്തിൽ പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം എന്നും സാമൂഹ്യ രംഗത്ത് നിലകൊണ്ടിട്ടുള്ളത്. എന്നാൽ സാമൂഹ്യ പരിഷ്കർത്താക്കളെയും നവോത്ഥാന നായകരെയും അനുസ്മരിക്കുന്ന കാര്യത്തിൽ ഒട്ടും പിശുക്കു കാണിക്കാത്ത കേരളത്തിൽ ഡോ. പല്പുവിന്റെ സ്മരണയും സംഭാവനയും മാത്രം മങ്ങിപ്പോകുന്നത് തീർത്തും ആശാസ്യമല്ല. ഈ ഒരു പ്രവണത ആധുനിക കേരളീയന്റെ നന്ദികെട്ട വിസ്മൃതിയായി മാറിക്കഴിഞ്ഞാൽ അതിനു വേറെ മരുന്നില്ല.
ഇനി, ഡോ. പല്പു ആരെന്ന ചോദ്യത്തിന് അനശ്വരരായ ഇന്ത്യൻ വിപ്ലവകാരികളിലൊരാളാണ് അദ്ദേഹമെന്ന് 'ഭാരതത്തിന്റെ വാനമ്പാടി" എന്നറിയപ്പെടുന്ന സരോജിനി നായിഡു നിരീക്ഷിക്കുകയുണ്ടായി. അനശ്വര വ്യക്തികൾക്ക് ഉചിതമായ സ്മാരകങ്ങൾ നിർമ്മിച്ച് ആദരിക്കുന്ന പതിവ് എല്ലാ പരിഷ്കൃത രാജ്യങ്ങളിലും നിലനില്ക്കുന്നു. കേരളത്തിൽത്തന്നെ നിരവധി മഹത്തുക്കൾ ഇത്തരത്തിൽ ബഹുമാനിതരായിട്ടുണ്ട്. എന്നാൽ, ഈ പട്ടികയിലൊന്നും മഹാനായ പല്പുവിന് സ്ഥാനം നൽകിക്കാണുന്നില്ല. അവശ സമുദായങ്ങളെ ഉദ്ധരിച്ച് സാമൂഹിക സമത്വം സ്ഥാപിക്കാൻ വേണ്ടി ഇന്ത്യയ്ക്ക് അകത്തും പുറത്തും കൊടുങ്കാറ്റുയർത്തിയ ആ പോരാളിയുടെ നെറ്റിയിൽ എസ്.എൻ.ഡി.പി യോഗ സ്ഥാപകൻ എന്ന ലേബലൊട്ടിച്ച് ആ ത്യാഗോജ്ജ്വല ജീവിതത്തെ സൗകര്യപൂർവം മറന്നകാര്യം സരോജിനി നായിഡു അതീവ ഖേദത്തോടെ കുറിച്ചിട്ടുണ്ട്.
കേൾക്കാതെപോയ
നിവേദനങ്ങൾ
പൊതു വിദ്യാലയങ്ങളിലും സർക്കാർ സർവീസിലും ഈഴവർക്കും പ്രവേശനം വേണമെന്നും, അയിത്താചാരം ഉന്മൂലനം ചെയ്യണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂർ ദിവാനും മഹാരാജാവിനും പല നിവേദനങ്ങളും ഡോ. പല്പു സമർപ്പിച്ചിരുന്നു. എന്നാൽ അതിനൊന്നും യാതൊരു ഫലവും ഉണ്ടായില്ല. ഈ അവസരത്തിലാണ് തിരുവിതാംകൂറിലെ പ്രധാന തസ്തികകളെല്ലാം പരദേശി ബ്രാഹ്മണർക്ക് നൽകുന്നതിനെതിരെ ചരിത്ര പ്രസിദ്ധമായ മലയാളി മെമ്മോറിയലിൽ അദ്ദേഹം ഒപ്പു വെച്ചത്. ബാരിസ്റ്റർ ജി. പരമേശ്വരൻപിള്ളയുടെയും (ജി.പി. പിള്ള)കെ.പി. ശങ്കരമേനോന്റെയും നേതൃത്വത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത ആ മലയാളി പ്രക്ഷോഭത്തിൽ ഡോ. പല്പുവും സജീവ പങ്കാളിയായി. പക്ഷേ ആ പ്രക്ഷോഭത്തിനും കാര്യമായ ഫലമുണ്ടായില്ല.
എന്നാൽ സ്വസമുദായങ്ങളുടെ ഉദ്ധാരണം നിയതിയുടെ കൈയിലേൽപ്പിച്ച് കർമ്മ വിമുഖനായിരിക്കാൻ ഡോ. പല്പു കൂട്ടാക്കിയില്ല. ഡോ. ജി.പി. പിള്ളയുമായാലോചിച്ച് ഈ വിഷയം ബ്രട്ടീഷ് പാർലമെന്റിൽ അവതരിപ്പിക്കാൻ അദ്ദേഹം നിശ്ചയിച്ചു. സ്വന്തം കൈയിലെ പണം ചെലവഴിച്ച് ജി.പി. പിള്ളയെ ലണ്ടനിലേയ്ക്കയച്ച് ഹെർബർട്ട് റോബർട്ട്സ് എന്ന പാർലമെന്റ് അംഗത്തെകൊണ്ടാണ് തിരുവിതാംകൂറിൽ താഴ്ന്ന ജാതിക്കാരായ വലിയൊരു വിഭാഗം ജനങ്ങളുടെ ദുരിതങ്ങൾ ബ്രിട്ടീഷ് പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. അതിലൂടെ തിരുവിതാംകൂറിലെ അധഃകൃതരുടെ വിഷയം ദേശീയ ശ്രദ്ധയിലെത്തിക്കാനും സാധിച്ചു.
ഡോ. പല്പു വിദേശ യാത്രയിലായിരുന്നപ്പോൾ ജർമ്മനിയിൽവച്ച് ഇന്ത്യൻ ദേശീയ നേതാവായ ദാദാഭായി നവറോജിയെ പരിചയപ്പെട്ടു. തിരുവിതാംകൂറിലെ അധഃകൃത വിഭാഗങ്ങളുടെ ദയനീയാവസ്ഥ ഡോ. പല്പു അദ്ദേഹത്തെയും ബോദ്ധ്യപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ ദാദാഭായി നവറോജിയെക്കൊണ്ട് അദ്ദേഹം തിരുവിതാംകൂർ മഹാരാജാവിന് ഒരു കത്തയപ്പിച്ചു. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ സർവീസിലും ഈഴവരാദി പിന്നാക്കക്കാർക്ക് പ്രവേശനം അനുവദിക്കണമെന്ന് ഉപദേശിക്കുകയായിരുന്നു ലക്ഷ്യം.
കേരളകൗമുദി
ലേഖനങ്ങൾ
ഇത്തരത്തിൽ ആധുനിക കേരളത്തെ സൃഷ്ടിച്ചവരിൽ മുൻപന്തിയിൽ നിന്ന ഒരാളുടെ സ്മാരകത്തിന്റെ കാര്യത്തിലേയ്ക്ക് ഇനി വരാം. ജന്മശതാബ്ദി ആഘോഷ വേളയിലാണ് ഡോ. പല്പുവിന് ഉചിതമായ ഒരു സ്മാരകം വേണമെന്ന ആവശ്യവുമായി ചിലർ മുന്നോട്ടു വന്നത്. അതിനെ പിന്തുണച്ച് അക്കാലത്ത് 'കേരളകൗമുദി"യിൽ സഹോദരൻ അയ്യപ്പൻ 1963 ഒക്ടോബർ 14-ന് എഴുതിയ 'ആഴ്ചക്കുറിപ്പ്" എന്ന പംക്തിയിൽ ഒരു ദളം ഇക്കാര്യമാണ് പ്രതിപാദിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് പിറ്രേ ആഴ്ച (ഒക്ടോബർ 21) തഴവാ കേശവനും 'കേരളകൗമുദി"യിൽ ലേഖനമെഴുതി.
എന്നാൽ ആരും അത് മുഖവിലയ്ക്കെടുത്തില്ല. ഡോ. പല്പു ജന്മശതവാർഷികത്തോടനുബന്ധിച്ച് 'കേരളകൗമുദി" മാത്രം ഒരു സപ്ലിമെന്റ് ഇറക്കി. കൂടാതെ ഒരു മുഖപ്രസംഗവും- 'ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളുടെ ഗണനാപ്രസംഗത്തിൽ നാരായണ ഗുരുവിനും കുമാരനാശാനും അദ്വിതീയ സ്ഥാനം നൽകുന്നതിൻ ചരിത്രകാരന്മാരെല്ലാം ഏകാഭിപ്രായക്കാരാണ്. എന്നാൽ ആ മഹാപുരുഷന്മാരോടൊപ്പം കേരള രാഷ്ട്രത്തിന്റെ പുനഃസംവിധാനത്തിന് പരിശ്രമിച്ച മറ്രൊരു രാജശില്പിയുണ്ടായിരുന്നെന്ന വസ്തുത വളരെപ്പേർ ഓർത്തു കാണുന്നില്ല. കഷ്ടമെന്നു പറയട്ടെ, ഡോ. പല്പുവിന്റെ ഈ ശതവാർഷികം ആരുമറിയാതെ കടന്നുപോയിരിക്കുന്നു."
ആ മഹാത്മാവ് ഇഹലോകവാസം വെടിഞ്ഞിട്ട് നാളെ (ജനുവരി 25) എഴുപത്തിയഞ്ച് വർഷം പൂർത്തിയാകുന്നു. ഈ അവസരത്തിൽ ഡോ. പല്പുവിന്റെ ജന്മശത വാർഷികത്തിൽ 'കേരളകൗമുദി" പ്രസിദ്ധീകരിച്ച മുഖ പ്രസംഗത്തിൽ പ്രകടിപ്പിച്ചുകണ്ട അതേ വികാരത്തോടെ വീണ്ടും പറയട്ടെ, ഡോ. പല്പുവിനും ഉചിതമായൊരു സ്മാരകം വേണം. അദ്ദേഹം ജനിച്ചുവളർന്ന മണ്ണിലായാൽ, തലസ്ഥാനമായ തിരുവനന്തപുരത്തായാൽ വളരെ നല്ലത്.
(ഡോ. പല്പു ഗ്ലോബൽ മിഷൻ ചെയർമാനാണ് ലേഖകൻ)