മടക്കമില്ലാ യാത്രകൾ, കഴിഞ്ഞ വർഷം 321 ജീവനുകൾ
റോഡപകടങ്ങളും നിരത്തുകളിൽ പൊലിയുന്ന ജീവനുകളും പതിവുവാർത്തകളായി മാറിയിരിക്കുന്നു കേരളീയർക്ക്. ഓരോ അപകടവും സംഭവിക്കുമ്പോൾ, യാത്രകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കേരളം ആവേശത്തോടെ ചർച്ച ചെയ്യും. പിന്നെയതു മറന്നുകളയും; അടുത്ത അപകട വാർത്തയെത്തുന്നതുവരെ. അതു പോരാ. യാത്രകളൊക്കെയും ശുഭകരമാക്കാൻ നാം ഓരോരുത്തരും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. 2026 പിറന്നശേഷം ആദ്യ 15 ദിവസത്തിനിടെ മാത്രം പാലക്കാട് ജില്ലയിലുണ്ടായത് 49 വാഹനാപകടങ്ങളാണ്. ഇതിൽ 12 പേർക്ക് ജീവൻ നഷ്ടമായി. 51പേർക്ക് പരിക്കേറ്റു. കഴിഞ്ഞവർഷം 2,253 അപകടങ്ങളിലായി 321 പേരാണു മരിച്ചത്. 2,506 പേർക്കു പരിക്കേറ്റു. ഇതിൽ 212 പേരുടെ നില ഗുരുതരമാണ്. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ചു ജില്ലയിൽ കഴിഞ്ഞ വർഷം അപകടങ്ങളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്, അത് മാത്രമാണ് ഏക ആശ്വാസം.
അപകടത്തിൽ മരിച്ചത് 41 കാൽനടയാത്രക്കാർ ജില്ലയിൽ കഴിഞ്ഞ വർഷം 41 കാൽനടയാത്രക്കാരാണു വാഹനമിടിച്ച് മരിച്ചത്. കൂടുതലും ദേശീയപാതകളിൽ. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും അമിതവേഗവുമാണ് അപകടകാരണമായതെന്നാണ് പൊലീസ് റിപ്പോർട്ട്. സംസ്ഥാനപാതകളിൽ സിഗ്നൽ തെറ്റിച്ച വാഹനങ്ങളിടിച്ചാണ് കൂടുതൽ പേർ മരിച്ചത്. ആവശ്യത്തിനു സീബ്രാ ലൈനില്ലാത്തതും പലയിടത്തും മാഞ്ഞുപോയതും പ്രശ്നമായി മോട്ടർ വാഹന വകുപ്പു ചൂണ്ടിക്കാട്ടുന്നു.
അപകടങ്ങൾ കൂടുതലും പുലർച്ചെ ജില്ലയിൽ 60% വാഹനാപകടങ്ങളും നടക്കുന്നത് പുലർച്ചെ 2 മുതൽ 5 വരെയുള്ള സമയത്താണെന്നു മോട്ടർ വാഹന വകുപ്പു പറയുന്നു. കഴിഞ്ഞ വർഷം നടന്ന 2,253 അപകടങ്ങളിൽ 1,334 അപകടങ്ങളും നടന്നത് പുലർച്ചെയാണ്. ദേശീയപാതകളിലാണു കൂടുതലും. സംസ്ഥാനപാതകളിൽ രാത്രി 8 മുതൽ 12 വരെയുള്ള സമയത്താണ് കൂടുതൽ അപകടങ്ങൾ. ഇരുചക്ര വാഹനങ്ങളാണ് ഈ സമയങ്ങളിൽ അപകടത്തിൽപ്പെടുന്നതിൽ കൂടുതൽ. രാത്രിയാത്ര ആവശ്യമായി വന്നാൽ മതിയായ ഉറക്കം ലഭിച്ച ശേഷമേ പുറപ്പെടാവൂ. യാത്രാവേളയിൽ ഉറക്കം വന്നാൽ വാഹനം ഒതുക്കി നിർത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വിശ്രമിച്ച ശേഷം യാത്ര തുടരുന്നതാണു നല്ലതെന്നും ഉദ്യോഗസ്ഥർ പറയുന്നു. സർവീസ് റോഡുകൾ കൃത്യമായി ഉപയോഗിക്കാതെ ദേശീയപാതയിൽ എതിർദിശയിലൂടെ വരുന്ന വാഹനങ്ങളും അപകടമുണ്ടാക്കുന്നുണ്ട്.
സമഗ്ര പദ്ധതികളുമായി റോഡ് സുരക്ഷാ കമ്മിറ്റി ദേശീയപാത അതോറിറ്റിയുമായി ചേർന്നു വാഹനാപകടം കുറയ്ക്കാനുള്ള സമഗ്ര പദ്ധതികൾ നടപ്പാക്കാനൊരുങ്ങി ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റി. കഴിഞ്ഞ ഒക്ടോബറിൽ റോഡ് സുരക്ഷാ കമ്മിറ്റി മുന്നോട്ടുവച്ച 25 നിർദ്ദേശങ്ങളിൽ 12 എണ്ണവും ഈ വർഷം തന്നെ നടപ്പാക്കാനാണു നീക്കം. ദേശീയപാത അതോറിറ്റിയുമായി ചേർന്നാണു കൂടുതൽ പദ്ധതികളും. അപകടസാധ്യതയുള്ള 36 ബ്ലാക്ക് സ്‌പോട്ടുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും. ഇതിന്റെ ഭാഗമായി നാളെ റോഡ് സുരക്ഷാ കമ്മിറ്റി യോഗം ചേരും.
ജില്ലയിലെ ഹോട്ട് സ്‌പോട്ടുകൾ വാളയാർ വട്ടപ്പാറ, വൈസ് പാർക്ക്, പഞ്ചായത്ത് ഓഫിസ് ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, പുതുശ്ശേരി കുരുടിക്കാട്, മരുതറോഡ് ജംഗ്ഷൻ, ചന്ദ്രനഗർ ജംഗ്ഷൻ, മണപ്പുള്ളി ജംഗ്ഷൻ, യാക്കര കടുന്തുരുത്തി, കാഴ്ചപ്പറമ്പ് ജംഗ്ഷൻ, ചിതലി പാലം, കണ്ണനൂർ, ആലത്തൂർ സ്വാതി ജംഗ്ഷൻ, മംഗലംപാലം, അഞ്ചുമൂർത്തി മംഗലം, മണലി പലാൽ ജംഗ്ഷൻ, ഒലവക്കോട് താണാവ് വളവ്, മുട്ടിക്കുളങ്ങര വളവ്, മുണ്ടൂർ ജംഗ്ഷൻ, കല്ലടിക്കോട് അയ്യപ്പൻകാവിനു സമീപം, തുപ്പനാട് പാലം, പനയംപാടം വളവ്, മുട്ടിക്കൽകണ്ടം, എടായ്ക്കൽ, മണ്ണാർക്കാട് നൊട്ടമല വളവ്, കൊടയ്ക്കാട് മാരാട്ടുകുണ്ട്, നാട്ടുകൽ പാറപ്പുറം, പാലപ്പുറം ചിനക്കത്തൂർക്കാവ് പരിസരം, പത്തൊൻപതാം മൈൽ, മേലേ പട്ടാമ്പി, എഴക്കാട്, ചിറ്റിലഞ്ചേരി ജംഗ്ഷൻ, നെന്മാറ കരിങ്കുളം, കൊഴിഞ്ഞാമ്പാറയ്ക്കും അത്തിക്കോടിനും ഇടയിൽ, ചിറ്റൂർ പുഴപ്പാലം വളവ്, കൊടുവായൂർ തണ്ണിശ്ശേരി.
12 പുതിയ മേൽപ്പാലങ്ങൾ വാളയാർ – വടക്കഞ്ചേരി ദേശീയപാതയിൽ അപകടസാദ്ധ്യതയുള്ള ബ്ലാക്ക് സ്‌പോട്ടുകളായി റോഡ് സുരക്ഷാ അതോറിറ്റി കണ്ടെത്തിയ 12 ഇടങ്ങളിൽ ഈ വർഷം മേൽപ്പാലങ്ങൾ പൂർത്തിയാക്കുമെന്നു ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ സ്വാതി ജംഗ്ഷൻ എന്നിവിടങ്ങളിൽ മൂന്നു മേൽപ്പാലങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഏപ്രിലിൽ പൂർത്തിയാക്കും.
കഞ്ചിക്കോട് വൈസ് പാർക്ക്, മലബാർ ഹോട്ടൽ ജംഗ്ഷൻ, കഞ്ചിക്കോട്, കുരുടിക്കാട്, പുതുശ്ശേരി, ചന്ദ്രനഗർ, കണ്ണനൂർ, ചിതലി പാലം, ഇരട്ടക്കുളം എന്നിവിടങ്ങളിലും മേൽപ്പാലം നിർമ്മിക്കും. ഏപ്രിലിൽ പ്രവൃത്തികൾ തുടങ്ങാനാണു നീക്കം. ചന്ദ്രനഗറിലെ മേൽപ്പാലത്തിന്റെ നിർമ്മാണം മാർച്ചിൽ ആരംഭിക്കും. നിലവിൽ വടക്കഞ്ചേരിയിൽ നിന്നു വാളയാർ ഭാഗത്തേക്കു പോകാനാണു മേൽപ്പാലമുള്ളത്. വാളയാറിൽ നിന്നു വടക്കഞ്ചേരി ഭാഗത്തേക്കു പോകാനും മേൽപ്പാലം നിർമ്മിക്കും.
അല്പം ശ്രദ്ധിച്ചാൽ ജീവൻ നഷ്ടമാകാതെ സൂക്ഷിക്കാം
റോഡപകട മരണങ്ങളിൽ ഏകദേശം 20 ശതമാനത്തോളം – അഞ്ചിൽ ഒന്ന് – വാഹനമോടിക്കുന്നയാളുടെ ആലസ്യം/ഉറക്കം കാരണമാണെന്നു പല പഠനങ്ങളും പറയുന്നു. അതിൽത്തന്നെ ഉറക്കംമൂലം ഉണ്ടായ കൂടുതൽ വാഹനാപകടങ്ങളും രാത്രി 2നു ശേഷവും രാവിലെ 6നു മുമ്പാണ്. ഈ മണിക്കൂറുകൾ വളരെ പ്രധാനപ്പെട്ടതാണ്, ഉറങ്ങാനുള്ള സമയം. അപ്പോൾ, വളയം പിടിക്കരുത്.
രാത്രി കണ്ണിന് ആയാസം കൂടും. രാത്രിയാത്രയിൽ കണ്ണിന്റെ കാഴ്ച പകലിനെക്കാൾ 30% കുറയും. വേഗം കൂടുമ്പോൾ കാഴ്ച ടണൽ ഇഫക്ട് ആയിരിക്കും. അതായത് ഒരു കുഴലിലൂടെ കാണുന്നതുപോലെയാകും നമ്മുടെ കാഴ്ച. നിങ്ങൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറോടിക്കുന്നു. ഒരൊറ്റത്തവണ നിങ്ങൾ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് കാർ 16 മീറ്റർ സഞ്ചരിച്ചിരിക്കും. ഡ്രൈവിങ്ങിനിടെ മൊബൈലിൽ വരുന്ന കോൾ ഒന്നു നോക്കുമ്പോഴും വഴിയിലെ ബോർഡിലേക്കോ കടയിലെ കാഴ്ചയിലേക്കോ കണ്ണെറിയുമ്പോഴും എന്തിന്, വണ്ടിയിലെ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമ്പോഴുമൊക്കെ സംഭവിക്കുന്നതും ഇതാണ്. യാത്ര ചെയ്യുന്നതിന്റെ മുൻപത്തെ രാത്രി നന്നായി ഉറങ്ങണം. അഞ്ചുമണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കിൽ ഒരിക്കലും ഡ്രൈവ് ചെയ്യാൻ ശ്രമിക്കരുത്. 'ഇതൊക്കെ എന്ത് "എന്ന അമിത ആത്മവിശ്വാസത്തോടെ വണ്ടിയെടുക്കരുത്. ആത്മവിശ്വാസം നമ്മുടെ കൂടെ കിടന്നുറങ്ങിപ്പോകും. തുടർച്ചയായി ഡ്രൈവ് ചെയ്യുന്ന സമയത്ത് കൃത്യമായി ഓരോ രണ്ടു മണിക്കൂറിലും 15 മിനിറ്റ് വിശ്രമിക്കണം. ഒരു ഡ്രൈവറോടും ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ആവശ്യപ്പെടരുത്. നിങ്ങളുടെ ഡ്രൈവർ അധികം ജോലി ചെയ്യുന്നുണ്ടോ എന്നു നിങ്ങൾ തന്നെ ശ്രദ്ധിക്കണം. ഉറക്കത്തിനു വേറെ മരുന്നില്ല, ഉറങ്ങുകതന്നെ വേണം.