വന്ദേഭാരത് തടയാൻ ട്രാക്കിൽ മരത്തടികളും സിമന്റു തൂണുകളുമായി യുവാക്കൾ,​ ദൃശ്യങ്ങൾ വൈറൽ

Friday 23 January 2026 9:00 PM IST

ന്യൂഡൽഹി : വന്ദേഭാരത് ട്രെയിൻ തടയാൻ റെയിൽവേ ട്രാക്കിൽ മരത്തടികളും സിമന്റു തൂണുകളും നിരത്തിവച്ച് ഒരു സംഘം യുവാക്കൾ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ട്രാക്കിൽ തടസങ്ങൾ കണ്ടതിനെ തുടർന്ന് ട്രെയിൻ പാതിവഴിയിൽ നിറുത്തിയിട്ടതിനാൽ വൻഅപകടം ഒഴിവായി.

വീഡിയോ ദൃശ്യങ്ങളിൽ യുവാക്കൾ ട്രാക്കിൽ മരത്തടികളും സിമന്റ് തൂണുകളും എടുത്തുവയ്ക്കുന്നത് കാണാം. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പ‍ർ ട്രെയിൻ കൊൽക്കത്ത- ഗുവാഹത്തി റൂട്ടിൽ സർവീസ് ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് സംഭവം. ട്രെയിൻ പാളം തെറ്റാനും വലിയ അപകടങ്ങൾക്കും കാരണമായേക്കാവുന്ന യുവാക്കളുടെ പ്രവൃത്തിക്കെതിരെ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണയാകുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ റെയിൽവേ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.