പെൺകരുത്തിന്റെ മേരിത്തിളക്കം

Sunday 25 January 2026 12:00 AM IST

മരണ ഗുഹാമുഖത്ത് നിന്ന് ഒറ്റയ്ക്ക് പൊരുതി സ്വപ്നങ്ങൾ വെട്ടിപ്പിടിച്ച പെൺകരുത്തിന്റെ പേരാണ് മേരി ലോപ്പസ്. ദാരിദ്ര്യത്തിൽ നിന്ന് ദാനത്തിന്റെയും കാരുണ്യത്തിന്റെയും നേർരൂപമായി മാറിയ പെൺകരുത്ത്. സിനിമയേക്കാൾ നാടകീയമാണ് അവരുടെ ജീവിതം. വർഷങ്ങൾ മുമ്പ് തൊഴിൽതേടി അലഞ്ഞിരുന്ന അവൾ ഇന്ന് നിരവധി പേർ ജോലിയെടുക്കുന്ന ബിസിനസ് സംരംഭത്തിന്റെ ഉടമയാണ്. നൂറുകണക്കിന് പേർക്ക് തൊഴിൽ വാങ്ങിനൽകുന്ന ജോബ് റിക്രൂട്ടറാണ്. മേരിയുടെ ജീവിതവഴിയിൽ അവളുടെ സങ്കടങ്ങൾ പെയ്തൊഴുകിയ കണ്ണീർപ്പുഴയുണ്ട്. നിശ്ചയദാർഢ്യത്തിന്റെ സമാനതകളില്ലാത്ത ഉൾക്കരുത്തുണ്ട്.

മേരി ലോപ്പസ് 16 വയസിനും 19നും ഇടയിൽ എട്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കഷ്ടിച്ച് പതിനാറ് തികഞ്ഞപ്പോൾ, അഞ്ച് മാസം പ്രായമുള്ള മകനെ ചേച്ചിയെ ഏൽപ്പിച്ച ശേഷമായിരുന്നു മേരിയുടെ ആദ്യ ആത്മഹത്യാശ്രമം. പക്ഷെ മരണം മേരിയെ സ്വീകരിച്ചില്ല. ആരും രക്ഷിക്കരുതേയെന്ന് പ്രാർത്ഥിച്ച് മേരി വീണ്ടും വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മേരി ലോപ്പസിന് ജീവിതം അന്ന് അത്രത്തോളം മടുത്തിരുന്നു. പ്രാണവേദനയേക്കാൾ കഠിനമായ പീഡകൾ നിറ‌ഞ്ഞതായിരുന്നു മേരിയുടെ അന്നത്തെ ഓരോ ദിനങ്ങളും. എട്ടാമത്തെ ശ്രമത്തിലും മരണത്തിന്റെ ഗുഹാമുഖത്ത് നിന്ന് ആരോ രക്ഷിച്ചു. അന്ന് മേരി ലോപ്പസ് ഒരു തീരുമാനമെടുത്തു. 'ഇനി ആത്മഹത്യ ചെയ്യില്ല. മകന് വേണ്ടി ജീവിക്കും. ഒറ്റയ്ക്ക് പൊരുതും.' പത്തൊൻപതാം വയസിൽ മേരി എടുത്ത പ്രതിജ്ഞ, ഒരോ പോരാട്ട ഗാഥയായി മാറുകയായിരുന്നു. മകന് മരുന്ന് വാങ്ങാൻ പോലും പണമില്ലാതിരുന്ന മേരി ലോപ്പസ് ഇന്റർനാഷണൽ ജോബ് റിക്രൂട്ടറായ വിജയകഥ അവിടെ തുടങ്ങുകയായിരുന്നു.

കൊല്ലം ജില്ലയിലെ തീരങ്ങളിൽ നിന്ന് കടലിലേക്ക് കുതിക്കുന്ന ബോട്ടുകളിലെയും വള്ളങ്ങളിലെയും തൊഴിലാളികളിൽ വലിയൊരു വിഭാഗം തമിഴ്നാട്ടിൽ നിന്ന് കുടിയേറി പാർത്ത കുളച്ചൽക്കാരുടെ പിന്മുറക്കാരാണ്. നാട്ടിൽ പണിയില്ലാതെ, ദാരിദ്ര്യം സഹിക്കാനാകാതെ കൊല്ലത്തിന്റെ തീരത്ത് ആദ്യം തൊഴിൽ തേടിയെത്തിയ കുളച്ചൽക്കാരിൽ ഒരാളാണ് മേരിയുടെ അച്ഛൻ ലോപ്പസ്. 55 വർഷം മുമ്പ് ലോപ്പസ് ഒറ്റയ്ക്കാണ് കൊല്ലം നീണ്ടകരയിലെത്തിയത്. കട്ടമരത്തിൽ കടലിൽ പോയി വല നിറയെ മീനുമായി വരുന്ന ലോപ്പസിനെ നീണ്ടകര ഹാർബറിലെ ഒരു ലേലക്കാരന് വല്ലാതെ ബോധിച്ചു. കണ്ണിലെ നനവിൽ നിന്ന് ലോപ്പസിന്റെ പ്രാരാബ്ധങ്ങൾ ആ ലേലക്കാരൻ തിരിച്ചറിഞ്ഞു. അങ്ങനെ ലേലക്കാരൻ നീണ്ടകരയിൽ ലോപ്പസിന് താത്കാലിക താമസമൊരുക്കി. ആറ് മാസത്തിന് ശേഷം ലോപ്പസ് കുളച്ചലിലേക്ക് പോയി ഭാര്യ ജോസ്ഫിനെയും അഞ്ച് മക്കളെയും കൂട്ടി നീണ്ടകരയിലേക്ക് മടങ്ങിയെത്തി. അവരുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവളാണ് മേരി. അന്നവൾക്ക് ആറ് മാസം പ്രായമേ ഉണ്ടായിരുന്നുള്ളു.

നാലാം വയസിൽ മേരിയെ ഇരവിപുരത്തെ കോൺവെന്റിലാക്കി. പതിനഞ്ചാം വയസിൽ വീട്ടിൽ മടങ്ങിയെത്തി. അതിന് പിന്നാലെ പ്രദേശവാസിയായ സമ്പന്ന യുവാവ് മേരിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. വിവാഹ പ്രായമായില്ലെന്ന് വീട്ടുകാർ പറഞ്ഞിട്ടും അയാൾ പിന്മാറിയില്ല. ഒടുവിൽ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി മേരിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചു. അയാൾക്ക് മേരിയേക്കാൾ 14 വയസ് കൂടുതലുണ്ടായിരുന്നു. ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ തന്നെ സഹിക്കാനാകാത്തത് പലതും നേരിടേണ്ടി വന്നു. അത് തുടർന്നതോടെയാണ് പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിനിടയിൽ പലതവണ മേരി വീട്ടിലേക്കും മടങ്ങിപ്പോയി. പൊലീസ് സ്റ്റേഷനിൽ പലതവണ പരാതി നൽകി. ഓരോ തവണയും ഒരു പ്രാവശ്യം കൂടി ക്ഷമിക്കെന്ന വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി മേരി ഭർത്താവിന് അടുത്തേക്ക് മടങ്ങി. ഒടുവിൽ 19ാം വയസിൽ മേരി ഒറ്റക്കാലിൽ നിൽക്കാൻ തീരുമാനിച്ചു.

സ്വന്തമായി ജീവിതം പുലർത്താൻ ആദ്യം തയ്യൽ ജോലി ആരംഭിച്ചു. ഇതിനിടയിൽ ബ്യൂട്ടീഷ്യൻ കോഴ്സും പഠിച്ചു. പക്ഷെ രണ്ട് ജോലികളും ഒരുമിച്ച് ചെയ്തിട്ടും പലപ്പോഴായി വാങ്ങിയ കടങ്ങളുടെ പലിശ പോലും കൊടുക്കാൻ കഴിഞ്ഞില്ല. ഇതോടെ മേരി തൊഴിൽ തേടി കുവൈറ്റിലേക്ക് പോയി. അവിടെ ബ്യൂട്ടി സലൂണിൽ ജോലി ലഭിച്ചെങ്കിലും കാര്യമായ വേതനം ഇല്ലായിരുന്നു. കാര്യമായ സമ്പാദ്യങ്ങളില്ലാതെ 11 വർഷത്തിന് ശേഷം മേരി നാട്ടിൽ മടങ്ങിയെത്തി. പല തൊഴിലുകൾ അന്വേഷിച്ചു. അങ്ങനെയിരിക്കെ ഇസ്രയേലിൽ കെയർ ടേക്കർ ജോലി മേരിയെ തേടിയെത്തി. ആ യാത്രയാണ് മേരിയുടെ ജീവിതം മാറ്റിമറിച്ചത്.

ഇസ്രയേലിലേക്ക് പോയ മേരിയെ നാട്ടിൽ നിന്ന് പലരും സഹായം തേടി വിളിക്കുമായിരുന്നു. 'ഞങ്ങൾക്ക് അവിടെ എന്തെങ്കിലും ജോലി തരപ്പെടുത്തി നൽകുമോ, ഞങ്ങളെയും കരകയറ്റുമോ? ' എന്നായിരുന്നു എല്ലാവരുടെയും ദയനീയമായ അഭ്യർത്ഥന. അങ്ങനെ മേരി കോട്ടയം സ്വദേശിനികളായ സുഹൃത്തുകൾ വഴി നാട്ടുകാരായ രണ്ടുപേർക്ക് ഇസ്രയേലിൽ ജോലി ശരിയാക്കി നൽകി. അവർ മേരിക്ക് ചെറിയൊരു തുക സർവീസ് ചാർജായി നൽകി. അങ്ങനെ മേരി നാട്ടിലുള്ളവർക്ക് ഇസ്രയേലിൽ ജോലി വാങ്ങിനൽകുന്നത് ഒരു സൈഡ് ബിസിനസാക്കി.

മകനെ നന്നായി പഠിപ്പിക്കണം. നാട്ടിൽ സ്വന്തമായി ഭൂമി വാങ്ങണം. അതിൽ നല്ലൊരു വീട് വയ്ക്കണം. മനസിൽ നെയ്തുകൂട്ടിയ സ്വപ്നങ്ങൾ സഫലമാക്കാൻ മേരി പല വഴികൾ അന്വേഷിച്ചു. അങ്ങനെ അപ്പാർട്ട്മെന്റുകൾ ലീസിനെടുത്ത് വാടകയ്ക്ക് കൊടുക്കുന്ന ബിസിനസും തുടങ്ങി. ഇതിനിടയിൽ ഇന്ത്യയിൽ മാൻപവർ റിക്രൂട്ട്മെന്റിനുള്ള ലൈസെൻസെടുത്ത് വിവിധ രാജ്യങ്ങളിലേക്ക് ജോലിക്കായി അളുകളെ അയയ്ക്കുന്ന ബിസിനസ് കൂടുതൽ സജീവമാക്കി. കൊല്ലം കേന്ദ്രമാക്കി ഇസ്ര ഗ്ലോബൽ ടൂർ ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം പടുത്തുയർത്തി. ഇപ്പോൾ മേരി ലോപ്പസ് രാജ്യങ്ങൾ പലതും ചുറ്റി സഞ്ചരിക്കുകയാണ്.

 വിശ്വാസത്തിന്റെ പര്യായമായി ഇസ്ര

മാൻപവർ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വസ്തതയുടെ അടയാളമാണ് ഇസ്ര ഗ്ലോബൽ ടൂർ ആൻഡ് ട്രാവൽസ്. നിലവിൽ ഇസ്രയേൽ, ആസ്ട്രേലിയ. ഓസ്ട്രിയ, ബെൽജിയം നെതർലൻഡ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ ജോബ് റിക്രൂട്ട്മെന്റ് നടത്തുന്നു. അടുത്തിടെ 1000 പ്ലസ് റിക്രൂട്ട്മെന്റ് ലൈസൻസ് ലഭിച്ച ഇസ്ര ഗ്ലോബൽ ടൂർ ആൻഡ് ട്രാവൽസ് ക്രൊയേഷ്യ, ജർമ്മനി, യു.എ.ഇ, പോളണ്ട്, മാൾട്ട തുടങ്ങിയ രാജ്യങ്ങളിലേക്കും ജോബ് റിക്രൂട്ട്മെന്റ് വൈകാതെ ആരംഭിക്കും. കൊല്ലം കുരീപ്പുഴയിലാണ് ഹെഡ് ഓഫീസ്. എറണാകുളത്തും മാർത്താണ്ഡത്തും ബ്രാഞ്ചുകളുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾക്ക് പുറമേ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇസ്രയുടെ ശാഖകൾ വൈകാതെ ആരംഭിക്കും.

 മനസിലുണ്ട് ആ പഴയ മേരി

കണ്ണീരുണങ്ങാത്ത തന്റെ പഴയകാലം ഇപ്പോഴും മേരി ലോപ്പസിന്റെ മനസിലുണ്ട്. എല്ലാ പ്രതിസന്ധികളെയും മുറിച്ചുകടക്കാൻ മേരിക്ക് കരുത്ത് നൽകുന്നത് മനസിൽ ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന പഴയകാലമാണ്. വരുമാനത്തിന്റെ വലിയൊരു ഭാഗം മേരി ഇപ്പോൾ പാവങ്ങളെ സഹായിക്കാൻ ഉപയോഗിക്കുന്നു. പാവങ്ങൾക്ക് മരുന്ന് വാങ്ങി നൽകുന്നു. പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് സഹായിക്കുന്നു. അനാഥാലയങ്ങളിൽ പുത്തൻ വസ്ത്രങ്ങളും പാഠപുസ്തകങ്ങളുമായി ഒരു മാലാഖയെപ്പോലെ കടന്നുചെല്ലുന്നു. ആശ്രയമറ്റവർക്കായി ഒരു അഗതിമന്ദിരം ആരംഭിക്കണമെന്ന സ്വപ്നം മേരിയുടെ മനസിലുണ്ട്. വർഷങ്ങളായി മനസിൽ അടക്കിപ്പിടിച്ചിരിക്കുന്ന, സിനിമ നിർമ്മാണ സ്വപ്നവും ഈ വർഷം തന്നെ സഫലമാക്കാനുള്ള ശ്രമത്തിലുമാണ് മേരി ലോപ്പസ്.

നീണ്ടകര മേരിവില്ലയിലാണ് താമസം. മകൻ ക്ലിംസൺ ദുബായിൽ ലക്ഷ്വറി ബോട്ടിന്റെ ക്യാപ്ടനാണ്. അനു മരുമകളാണ്. ആറാം ക്ലാസ് വിദ്യാർത്ഥിനി ലെയ്റ മേരി, പ്രീ കെ.ജി വിദ്യാർത്ഥികളായ, ലെയ്റോൺ, ലെയ്ക് മേരി എന്നിവർ കൊച്ചുമക്കളാണ്.

ഫോൺ: +91 92074 97979