യുവാവിനെ കൊലപ്പെടുത്തിയത് ‌കഞ്ചാവിന് പണം നൽകാത്തതിന്; മുഹമ്മദലി റിമാൻഡിൽ

Saturday 24 January 2026 1:05 AM IST
മുഹമ്മദ് അലി

* പ്രതി ഒളിവിൽ കഴിഞ്ഞത് തിരുനെൽവേലിയിൽ കൂലിപ്പണിക്കാരനെന്ന വ്യാജേന

കൊച്ചി: എറണാകുളം നോർത്ത് ലിസി ആശുപത്രിക്കുസമീപം ആളൊഴിഞ്ഞവീട്ടിൽ കോട്ടയം സ്വദേശി അഭിജിത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് കല്ലുംകമ്പിയും ഉപയോഗിച്ചാണെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി. കഞ്ചാവ് വാങ്ങാൻ പണംനൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് അഭിജിത്തിനെ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തി. ഒന്നരമാസമായി തമിഴ്നാട്ടിൽ ഒളിവിലായിരുന്ന പ്രതി കൊല്ലം തൊടിയൂർ സ്വദേശി മുഹമ്മദ് അലിയെ (26) ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഡിസംബർ അഞ്ചിന് രാത്രിയാണ് കോട്ടയം കാഞ്ഞിരപ്പള്ളി വട്ടക്കപ്പാറ സ്വദേശി അഭിജിത്ത് വിനീഷ് കൊല്ലപ്പെടുന്നത്. ആൾപ്പാർപ്പില്ലാത്ത വീട്ടിൽ പിറ്റേന്ന് അറ്റകുറ്റപ്പണിക്ക് എത്തിയ ഇലക്ട്രീഷ്യനാണ് മൃതദേഹം കണ്ടത്. എറണാകുളം നോർത്ത് മേൽപ്പാല പരിസരത്തെ ക്യാമറകൾ പരിശോധിച്ച പൊലീസിന് കൊല്ലപ്പെട്ട യുവാവും മുഹമ്മദ് അലിയും കലാഭവൻ റോഡുവഴി ഒരുമിച്ച്പോകുന്ന ദൃശ്യങ്ങൾ കിട്ടിയിരുന്നു.

മദ്യലഹരിയിലായിരുന്നു കൊലപാതകമെന്ന് പ്രതി സമ്മതിച്ചു. മേൽപ്പാല പരിസരത്തുവച്ച് അഭിജിത്തിനോട് പണം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് യുവാവിനെ അനുനയിപ്പിച്ച് ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെയിരുന്നു മദ്യപിക്കുന്നതിനിടെ വീണ്ടും പണം ആവശ്യപ്പെട്ടു. അഭിജിത്ത് വഴങ്ങാതിരുന്നതിനെ തുടർന്ന് ആദ്യം കല്ലുകൊണ്ടും തുടർന്ന് കമ്പികൊണ്ടും തലയ്ക്കടിച്ചു. യുവാവ് നിലത്തുവീണതോടെ കൈവശമുണ്ടായിരുന്ന പണവും മൊബൈൽഫോണും കവർന്നു. പുറത്തിറങ്ങിയപ്പോൾ മൊബൈൽഫോൺ സമീപത്തെ വഴിയരികിൽ ഉപേക്ഷിച്ചു. തുട‌ർന്ന് കൊല്ലത്തെത്തിയശേഷം ആദ്യം തൂത്തുക്കുടിയിലേക്കും പിന്നീട് തിരുനെൽവേലിയിലേക്കും കടന്നു. ഇവിടെ കെട്ടിടനിർമാണ തൊഴിലാളിയായി വേഷംമാറി ഒളിവിൽ പാർക്കുന്നതിനിടെയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ ഇയാൾ ആദ്യം കുറ്റം സമ്മതിച്ചില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്ത്തപ്പോൾ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. അഭിജിത്തിനെ സംഭവദിവസമാണ് പരിചയപ്പെട്ടതെന്ന് ഇയാൾ പറയുന്നു. എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി. എസ്.ഐമാർ അനൂപ് ചാക്കോ, ഇ.എം. ഷാജി, സീനിയർ സി.പി.ഒമാരായ ഹരീഷ് ബാബു, ഉണ്ണിക്കൃഷ്ണൻ, പ്രശാന്ത് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെ ഉടനെ പിടികൂടണമെന്ന് കഴിഞ്ഞദിവസം ചുമതലയേറ്റി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചിരുന്നു.