ശുചീകരണ ദൗത്യം പാഴായി, മാലിന്യം മൂടി കിള്ളിയാർ
നെടുമങ്ങാട്: ലക്ഷങ്ങൾ ചെലവിട്ട് കൊട്ടിഘോഷിച്ച് നടത്തിയ കിള്ളിയാർ മിഷൻ പദ്ധതി പാതിവഴിയിൽ മുടങ്ങിയതോടെ കിള്ളിയാറിൽ മാലിന്യം നിറഞ്ഞു. മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് കൂട്ടാനും നദിയെ സംരക്ഷിക്കാനുമായി ആവിഷ്കരിച്ച ദൗത്യമാണ് ലക്ഷ്യം കാണാതെ നിലച്ചുപോയത്. ആറ്റിലെ മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയാൽ ഒട്ടേറെ കുടുംബങ്ങൾക്ക് വേനൽക്കാലത്തെ ജലക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയുമെന്നിരിക്കെ അധികൃതർക്ക് കണ്ടഭാവമില്ല.
കിള്ളിയാറിന്റെ തീരം സംരക്ഷിക്കുന്നതിനും കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ കിള്ളിയാർ ഇല്ലാതാവുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച കിള്ളിയാറിനെ സംരക്ഷിക്കാൻ 'കിള്ളിയാറൊരുമ" എന്ന പേരിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് പദ്ധതി നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പൂർണമായില്ല.
അഞ്ച് വർഷം മുൻപ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, നെടുമങ്ങാട് നഗരസഭ, കരകുളം,അരുവിക്കര,പനവൂർ,ആനാട് പഞ്ചായത്തുകൾ ചേർന്നാണ് കിള്ളിയാറിനെ മാലിന്യമുക്തമാക്കുന്നതിനായി കിള്ളിയാർ മിഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
മാലിന്യനിക്ഷേപവും കൈയേറ്റവും തടയണം
ആറിന്റെ ഉദ്ഭവസ്ഥലമായ കരിഞ്ചാത്തിമൂല മുതൽ വഴയിലെ പാലം വരെ കൈവഴികൾ ഉൾപ്പെടെ രണ്ടു ഘട്ടങ്ങളിലായി നാലു വർഷം മുൻപ് വൃത്തിയാക്കിയിരുന്നതാണ്. ആറ്റിൽ വീണുകിടന്ന മരശിഖരങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെ നീക്കം ചെയ്തിരുന്നു.
തലസ്ഥാന കോർപറേഷൻ ഏരിയ ഒഴികെ കിള്ളിയാറിന്റെ തീരം പ്രത്യേക സർവേ സംഘം അളന്നു കല്ലിട്ടു. ശേഷം, തുടർ നടപടിയൊന്നും ഉണ്ടായില്ല. യന്ത്ര സഹായത്തോടെ മാലിന്യം നീക്കുമെന്ന പ്രഖ്യാപനവും നടന്നില്ല. ശേഷം മാലിന്യങ്ങൾ ആറ്റിലേക്ക് എത്താതിരിക്കുന്നതിനോ,ആറ് കൈയേറാതിരിക്കുന്നതിനോ നടപടി ഉണ്ടാകാത്തതാണ് കിള്ളിയാർ വീണ്ടും അന്യാധീനപ്പെടാൻ ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു.