കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലിക്കൈ, ആരോപണങ്ങൾ തള്ളി സിപിഎം
കണ്ണൂർ : പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ നിന്ന് ഉൾപ്പെടെ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ജില്ലാകമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണന്റെ ആരോപണം തള്ളി സി.പി.എം. തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലിക്കൈ ആയി മാറിയിരിക്കുകയാണ് കുഞ്ഞികൃഷ്ണനെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ, രാഗേഷ് പറഞ്ഞു. പാർട്ടിയെ ബഹുജന മദ്ധ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ ആരോപണങ്ങൾ ഉന്നയിച്ച് എതിരാളികൾക്ക് കടന്നാക്രമിക്കാൻ ആയുധം നൽകുന്ന കുഞ്ഞികൃഷ്ണന്റെ പ്രവൃത്തി അംഗീകരിക്കാൻ കഴിയാത്തതാണെന്നും രാഗേഷ് പ്രസ്താവനയിൽ അറിയിച്ചു.
ധൻരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ട് എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്ന് തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാതെ പാർട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. ഈ ആരോപണങ്ങൾ നിഷേധിക്കുന്നതാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന
ഒരു മാധ്യമത്തിന് വി.കുഞ്ഞികൃഷ്ണൻ നൽകിയ അഭിമുഖം തികച്ചും വാസ്തവ വിരുദ്ധമാണ്. വർഷങ്ങൾക്ക് മുൻപ് പാർട്ടിയിൽ ഉയർന്നുവന്ന കാര്യങ്ങൾ പാർട്ടി ചർച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്ചിലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷൻ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിച്ചതുമാണ്. 2021 ൽ ഉയർന്നുവന്ന ആക്ഷേപത്തെ തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷൻ പരിശോധന നടത്തുകയും, കമ്മീഷന്റെ റിപ്പോർട്ട് പാർട്ടി ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് ചില സംഘടന നടപടികൾ പാർട്ടി സ്വീകരിച്ചതുമാണ്. പാർട്ടി ജില്ലാ കമ്മിറ്റിയും, പാർട്ടി പയ്യന്നൂർ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകളാണ് വിവിധ ആക്ഷേപങ്ങളെക്കുറിച്ച് അതത് ഘട്ടത്തിൽ അന്വേഷിച്ച് അതത് കമ്മിറ്റികൾ ചർച്ച ചെയ്ത് തീരുമാനങ്ങൾ കൈക്കൊണ്ടത്.
ഈ ചർച്ചയിലും, തീരുമാനങ്ങളിലും വി. കുഞ്ഞികൃഷ്ണനും പങ്കാളിയായതാണ്. അതിന് ശേഷം പാർട്ടിയുടെ വിവിധ ഘടക സമ്മേളനങ്ങൾ നടന്നു കഴിഞ്ഞു. സമ്മേളനം നടക്കുന്ന ഘട്ടത്തിൽ വി. കുഞ്ഞികൃഷ്ണൻ പുതിയ ചില ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. ഈ ആരോപണങ്ങൾ മാധ്യമങ്ങളിലും മറ്റും വാർത്തയായി വരുന്ന നിലയുമുണ്ടായി. ഉന്നയിച്ച കാര്യങ്ങൾ പാർട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷൻ അന്വേഷിക്കുകയും അന്വേഷമ റിപ്പോർട്ട് ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുകയും ഉണ്ടായി. വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങൾ ബോധപൂർവ്വം ഉന്നയിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് വി. കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുമാണ്. 8 മാസങ്ങൾക്ക് മുമ്പ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ എനിക്ക് തെറ്റുപറ്റിയെന്ന് വി. കുഞ്ഞികൃഷ്ണൻ തുറന്ന് പറഞ്ഞതുമാണ്. അതിന് ശേഷം പാർട്ടിയുടെ വിവിധ ഘടക യോഗങ്ങളിലും പരിപാടികളിലും വി. കുഞ്ഞികൃഷ്ണൻ പങ്കെടുത്തതുമാണ്.
എന്നാൽ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ മാധ്യമങ്ങളുടെയും, രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യായി മാറുന്നതരത്തിലാണ് കുഞ്ഞികൃഷ്ണന്റെ പ്രവർത്തി. പാർട്ടിയെ ബഹുജന മധ്യത്തിൽ ഇകഴ്ത്തിക്കാട്ടുന്ന കുഞ്ഞികൃഷ്ണന്റെ ഈ നടപടി പാർട്ടിക്ക് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ്. പാർട്ടിയിൽ അതത് കാലഘട്ടത്തിൽ ഉയർന്നുവരുന്ന ആക്ഷേപങ്ങളെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് സംഘടന രീതി അനുസരിച്ച് ചർച്ച ചെയ്യുകയും ആവശ്യമായ സംഘടന നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിയെ ബഹുജന മധ്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ ആരോപണങ്ങൾ ഉന്നയിച്ച് എതിരാളികൾക്ക് കടന്നാക്രമിക്കാൻ ആയുധം നൽകുന്ന കുഞ്ഞികൃഷ്ണന്റെ പ്രവർത്തി അംഗീകരിക്കാൻ കഴിയാത്തതാണ്. അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങൾ പാർട്ടി തള്ളിക്കളയുന്നു.