ചികിത്സാ നിരക്കും മാർഗനിർദ്ദേശങ്ങളും

Saturday 24 January 2026 12:55 AM IST

മക്കളുടെ വിദ്യാഭ്യാസ ചെലവ്,​ അവരുടെ ഉപരിപഠനം,​ പെൺമക്കളുടെ വിവാഹത്തിന് വേണ്ടിവരുന്ന ചെലവ് എന്നിവയൊക്കെ ആയിരുന്നു മുമ്പ്,​ സാധാരണക്കാരുടെയും ഇടത്തരം കുടുംബങ്ങളുടെയും സാമ്പത്തിക വേവലാതി. ഇന്നാകട്ടെ അത്,​ അപ്രതീക്ഷിതമായി വേണ്ടിവരുന്ന ചികിത്സാ ചെലവിനെക്കുറിച്ച് ഓർത്തുള്ള പരിമുറുക്കമായി മാറിയിരിക്കുന്നു. ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും വലിയ മാറ്റങ്ങൾ വന്നതോടെ രോഗങ്ങൾ എപ്പോൾ വേണമെങ്കിലും ആരെയും പിടിമുറുക്കാമെന്നായിട്ടുണ്ട്. വിദഗ്ദ്ധ ചികിത്സയോ,​ മേജർ ശസ്ത്രക്രിയകളോ വേണ്ടിവരുന്ന സാഹചര്യത്തിൽ പല കാരണങ്ങൾകൊണ്ടും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരാം. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവാകട്ടെ,​ ഇടത്തരക്കാർക്ക് ചിന്തിക്കാൻ പോലുമാകാത്ത വിധം പല ലക്ഷങ്ങളിലേക്ക് വളർന്നിരിക്കുന്നു. ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്തവരുടെ കാര്യത്തിൽ,​ കുടുംബത്തിന്റെ അടിത്തറതന്നെ ഇളക്കുന്ന മട്ടിലാണ് ചികിത്സാചെലവിന്റെ കുതിപ്പ്.

സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന വിധത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെയും,​ ഏകീകൃത സ്വഭാവമില്ലാതെയുമുള്ള കുഴുത്തറുപ്പൻ ചികിത്സാ നിരക്കുകളെക്കുറിച്ച് വ്യാപകമായ പരാതികളുയർന്ന സാഹചരത്തിലാണ്,​ ഇതുസംബന്ധിച്ച് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ക്ളിനിക്കൽ സ്ഥാപനങ്ങളും പാലിക്കേണ്ട വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. അതനുസരിച്ച്,​ കേരള ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് ആക്ടിനു കീഴിൽ പുറപ്പെടുവിച്ച ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നു കാണിച്ച് ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിൽ പരസ്യവും പുറപ്പെടുവിച്ചു. ആശുപത്രികൾ വിവിധ രോഗങ്ങൾക്കുള്ള ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നത് ഉൾപ്പെടെയുള്ള മാർഗനിർദ്ദേശങ്ങൾക്കെതിരെ ഇപ്പോൾ സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടന രംഗത്തെത്തിയിരിക്കുകയാണ്.

അപ്രായോഗിക വ്യവസ്ഥകൾക്കെതിരെ തങ്ങൾ നല്കിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും,​ അതിൽ തീർപ്പാകാതെ ഇപ്പോഴത്തെ നിർദ്ദേശങ്ങൾ പാലിക്കില്ലെന്നുമാണ് കേരള പ്രൈവറ്ര് ഹോസ്പിറ്റൽസ് അസോസിയേഷന്റെ നിലപാട്. അതേസമയം,​ നിയമാനുസൃതമായി പുറപ്പെടുവിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കാൻ സ്വകാര്യ ആശുപത്രികൾക്കാവില്ലെന്ന് ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് കൗൺസിൽ വാദിക്കുന്നു. ചികിത്സാ നിരക്കുകൾ പ്രസിദ്ധപ്പെടുത്തുക,​ രോഗിക്ക് ഡിസ്ചാർജ് വേളയിൽ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും കൈമാറുക,​ എല്ലാ സേവനങ്ങൾക്കും ഇനം തിരിച്ച് ബില്ല് നല്കുക തുടങ്ങിയവയൊക്കെയാണ് സ്വകാര്യ ആശുപത്രി ഉടമകൾക്ക് സ്വീകാര്യമല്ലാത്ത വ്യവസ്ഥകളിൽ പ്രധാനം. ഒരേ രോഗത്തിന് വേണ്ടിവരുന്ന ശസ്ത്രക്രിയയ്ക്ക് കുട്ടികളിലും മുതിർന്നവരിലും ഒരേ നിരക്ക് ബാധമാക്കുന്നത് എങ്ങനെ എന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾ സ്വകാര്യ ആശുപത്രികൾ ഉയർത്തുന്നുണ്ട്.

ചികിത്സയും തുകയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആശുപത്രി കോ-ഓർ‌‌ഡിനേറ്റർമാർ രോഗികളോട് വിശദീകരിക്കുന്ന രീതിയാണ് പ്രായോഗികമെന്നാണ് സംഘടനയുടെ വാദം. എന്തായാലും സ്വകാര്യ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും സംസ്ഥാന സർക്കാരും പരസ്പരം ശത്രുപക്ഷത്തു നിലയുറപ്പിച്ച് വെല്ലുവിളിക്കേണ്ടവരല്ല. ആത്യന്തികമായി,​ ഏറ്റവും വലിയ പരിഗണന ലഭിക്കേണ്ടത് ന്യായമായ നിരക്കിൽ മികച്ച ചികിത്സ ലഭ്യമാക്കുന്നതിനാണ്. പല സ്വകാര്യ ആശുപത്രികളും അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും മറ്റും ഇറക്കുമതി ചെയ്തിരിക്കുന്നത് ദശകോടികൾ മുടക്കിയായിരിക്കും. അതിന് വേണ്ടിവന്ന ചെലവത്രയും രോഗിയിൽ നിന്ന് ഈടാക്കുകയെന്ന രീതിയും നീതീകരിക്കത്തക്കതല്ല. വെല്ലുവിളിയും പോർവിളിയും ഒഴിവാക്കി,​ സ്വകാര്യ ആശുപത്രി സംഘടനാ പ്രതിനിധികളെക്കൂടി വിശ്വാസത്തിലെടുത്തതിനു ശേഷം പുതിയ വ്യവസ്ഥകൾ ക‌ർശനമാക്കുന്നതാവും അഭികാമ്യം. നമുക്കു വേണ്ടത് മികച്ച ചികിത്സ,​ താങ്ങാവുന്ന നിരക്കിൽ ലഭിക്കുന്ന ആരോഗ്യ സംവിധാനമാണ്.