വാഹനാപകടത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

Saturday 24 January 2026 1:10 AM IST

കയ്പമംഗലം: കാറുകൾ തമ്മിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി കോലാന്ത്ര വീട്ടിൽ റിജിൽ (38), മധുരംപിള്ളി സ്വദേശി കറപ്പം വീട്ടിൽ ആബിദ് ( 34) എന്നിവരെയാണ് തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചെന്ത്രാപ്പിന്നി അലുവത്തെരുവിനടുത്തായിരുന്നു സംഭവം.

ചാമക്കാല താനത്തുപറമ്പിൽ വീട്ടിൽ ഷാബിന്റെ (40) കാറിൽ പ്രതികളുടെ കാറിടിച്ചതാണ് സംഘർഷത്തിന് കാരണം. പ്രതികൾ കാർ റിവേഴ്‌സ് എടുത്ത് മുന്നോട്ട് എടുക്കുന്നതിനിടെ ഷാബിന്റെ വാഹനത്തിൽ തട്ടുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഷാബിനെ പ്രതികൾ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. കയ്പമംഗലം പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ റിഷി പ്രസാദ്, ജി.എ എസ്.ഐ വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.