അതിയടം മുച്ചിലോട്ട് പെരുങ്കളിയാട്ടം ഭക്തിനിറവിൽ 'വരച്ചു വെക്കൽ"

Friday 23 January 2026 10:21 PM IST

പഴയങ്ങാടി:അതിയടം മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൽ ഭുവനേശ്വരിയായ മുച്ചിലോട്ടമ്മയുടെ തിരുമുടിയണിയാനുള്ള നിയോഗം അതിയടം പ്രദീപൻ പെരുവണ്ണാന്. ക്ഷേത്ര സന്നിധിയിലെ രാശി പലകയിൽ ക്ഷേത്രേശൻമാരുടെയും ജ്യോതിഷ പണ്ഡിതന്മാരുടെയും അന്തിതിരിയൻമാരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ നടന്ന ദേവപ്രശ്നത്തിലാണ് 53കാരനായ ഈ കോലധാരിയ്ക്ക് നിയോഗം ലഭിച്ചത്.

അതിയടം ബാലകൃഷ്ണൻ ജ്യോത്സ്യരുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടത്തിയത്. ഇതോടെ കാവിനു സമീപത്ത് പ്രത്യേകം തയ്യാറാക്കിയ കുച്ചിൽ പ്രദീപൻ പെരുവണ്ണാൻ വ്രതം ആരംഭിച്ചു. ആദ്യമായിട്ടാണ് പ്രദീപൻ പെരുവണ്ണാൻ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടിയണിയുന്നത്.കണ്ണങ്ങാട്ടു ഭഗവതിയുടെയും പുലിയൂർ കാളി കോലങ്ങൾ നേരത്തെ കെട്ടിയാടിയിട്ടുണ്ട്. അതിയടം മുച്ചിലോട്ടുകാവിൽ മൂന്നു തവണ മുച്ചിലോട്ടു ഭഗവതിയുടെ തിരുമുടിയേന്തിയ അതിയടം കുഞ്ഞിരാമ പെരുവണ്ണാന്റെ പ്രധാനശിഷ്യനാണ് പ്രദീപൻ പെരുവണ്ണാൻ. അതിയടം പാലോട്ടുകാവിൽ നിന്നാണ് ഇദ്ദേഹം ആചാരപ്പെട്ടത്. കാങ്കോൽ വൈദ്യനാഥ ക്ഷേത്രത്തിലുൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.

പൊടിക്കളം പറമ്പിൽ കുഞ്ഞിരാമന്റെയും പാറുവിന്റയും മകനാണ് . ഭാര്യ അനില . മക്കൾ ജേപ്തിഷ്,​സാഹിത്യ.ജനുവരി 30മുതൽ ഫെബ്രുവരി 2 വരെയാണ് പെരുങ്കളിയാട്ടം. ഫെബ്രുവരി രണ്ടിന് ഉച്ചക്ക് 1.30 മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും.

ഭഗവതിക്ക് വെള്ളിച്ചിലങ്ക നൽകി

വരച്ചു വെക്കലിനോടനുബന്ധിച്ചുള്ള അരങ്ങിൽ അടിയന്തിരത്തിൽ അതിയടം മുണ്ടയാട്ടു തറവാട് ട്രസ്റ്റ് അംഗങ്ങൾ മുച്ചിലോട്ടു ഭഗവതിക്ക് വെള്ളിച്ചിലങ്ക നൽകി. വരച്ചു വെക്കലിന് സമീപത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നുമായി നൂറു കണക്കിനു ആചാര്യ സ്ഥാനികരുൾപ്പടെയുള്ള ആളുകൾ പങ്കെടുത്തു. അരങ്ങിൽ അടിയന്തിരവും , പ്രസാദ ഊട്ടുമുണ്ടായി.