'മടിയിലിരുത്തി കൈമുട്ടു കൊണ്ട് അടിവയറ്റിലിടിച്ചു'; ഒരു വയസുകാരന്റെ മരണം കൊലപാതകം,​ അച്ഛൻ അറസ്റ്റിൽ

Friday 23 January 2026 10:28 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരുവയസുകാരൻ ഇഖാന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കുഞ്ഞിന്റെ അച്ഛൻ കവളാകുളം ഐക്കരവിള വീട്ടിൽ ഷിജിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മടിയിൽ ഇരുത്തി കൈമുട്ടുകൊണ്ട് വയറ്റിൽ ഇടിച്ചതായി ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തി. നെയ്യാറ്റിൻകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ഷിജിലിനെ ചോദ്യം ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിൻ - കൃഷ്ണപ്രിയ ദമ്പതികളുടെ മകൻ ഇഖാൻ കുഴഞ്ഞുവീണു മരിച്ചത്. അച്ചൻ കൊടുത്ത ബിസ്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ അടിവയറ്റിൽ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ആ പൊട്ടൽ ഒരാഴ്ച മുമ്പ് സംഭവിച്ചതാണ് എന്നാണ് അമ്മ പൊലീസിൽ മൊഴി നൽകിയിരുന്നത്. എന്നാൽ പൊട്ടലിന് മൂന്നാഴ്ചത്തെ പഴക്കമുണ്ടായിരുന്നു. കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കൂടുതൽ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് ഷിജിനെ വീണ്ടും ചോദ്യം ചെയ്തതും ഷിജിൻ കുറ്റം സമ്മതിച്ചതും. കുഞ്ഞിന്റെ രാത്രിയുള്ള കരച്ചിൽ അസ്വസ്ഥതപ്പെടുത്തിയിരുന്നു എന്നാണ് ഷിജിന്റെ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയ ആന്തരിക രക്തസ്രാവം പിതാവിന്റെ കൈമുട്ട് കൊണ്ടേറ്റ ക്ഷതത്തെ തുടർന്നുണ്ടായതാണെന്ന് വ്യക്തമായി.

ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ബന്ധുക്കൾ ഇടപെട്ടതിനെ തുടർന്നാണ് ഇവർ വീണ്ടും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് ജനിക്കുമ്പോൾ ഷിജിൻ ഒപ്പമില്ലായിരുന്നു. പിന്നീട് കുഞ്ഞിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ഇരുവരും വീണ്ടും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയത്. അതിനിടയിലാണ് അച്ഛന്റെ ക്രൂരകൃത്യം.