തിരുവാറാട്ടുകാവിൽ ഭക്ത്യാദരപൂർവം അരിയിട്ടുവാഴ്ച

Saturday 24 January 2026 12:33 AM IST

ആറ്റിങ്ങൽ: കൊല്ലമ്പുഴ തിരുവാറാട്ടുകാവിൽ ഭക്തിനിർഭരമായ അരിയിട്ടുവാഴ്ച ചടങ്ങ് മൂലംതിരുനാൾ രാമവർമ്മയുടെ നേതൃത്വത്തിൽ നടന്നു. പരിശുദ്ധമാക്കിയ കളപ്പുരയിലെ ദേവീപീഠത്തിൽ തണ്ടുലപൂജ നടത്തി,ആടിയ അരി പ്രസാദമായി തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾക്ക് നൽകി. കളത്തിലരി ദേവിയുടെയും രാജകുടുംബാംഗത്തിന്റെയും ശിരസിൽ അഭിഷേകം ചെയ്യുന്നതാണ് അരിയിട്ടുവാഴ്ച ചടങ്ങ്. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനും തിരുവാറാട്ടുകാവ് അരിയിട്ടുവാഴ്ചയ്ക്കുമാണ് രാജസ്ഥാനിയനായ രാജാവ് ഉടവാളേന്തി എത്തുന്നത്. പൂയം തിരുനാൾ ഗൗരി പാർവതി ബായി, ലക്ഷ്മി ഭായി,ആദിത്യവർമ, ലേഖ തമ്പുരാട്ടി, വിഷ്ണുവർമ്മ,ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജയറാം പരമേശ്വരൻ, എ.ഒ ശ്യാം പ്രകാശ് ദേവസ്വം ബോർഡ് സെക്രട്ടറി ഗണേശൻ പോറ്റി രജിത്ത് എന്നിവർ പങ്കെടുത്തു. വൈകിട്ട് തിരുവാറാട്ടുകാവിലെത്തിയ മൂലംതിരുനാളിനെ പൂർണ കുംഭം നൽകി സ്വീകരിച്ചു. തുടർന്ന് ദിവാൻ ബംഗ്ലാവിൽ വിശ്രമിച്ച മൂലം തിരുനാളിനെ നാട്ടുക്കൂട്ടം മുഖം കാണിച്ചു. ക്ഷേത്രതന്ത്രി കാട്ടുമാടം പ്രവീൺനമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്ന് വൈകിട്ട് നടക്കുന്ന വലിയ വിളക്കോടെ 9 ദിവസത്തെ ചടങ്ങുകൾ സമാപിക്കും.