യുവാവിനെ നഗ്നനാക്കി ഫോട്ടോയെടുത്തു, ഹണിട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; 17കാരി ഉൾപ്പെടെ നാലംഗ സംഘം അറസ്റ്റിൽ
കണ്ണൂർ: ചാറ്റിംഗ് വഴി ഹണിട്രാപ്പിലൂടെ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കാസർകോട് സ്വദേശികളായ നാലംഗ സംഘം അറസ്റ്റിൽ. ഒന്നാം പ്രതിയായ 17കാരി, രണ്ടാം പ്രതി കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശി ഇബ്രാഹിം ഷജ്മൽ അർഷാദ് (28), കാസർകോട് ചെർക്കള സ്വദേശികളായ കെ.കെ. അബ്ദുൾ കലാം (52), മൈമൂന (51) എന്നിവരെയാണ് ചക്കരക്കൽ പൊലീസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മൊബൈൽ ആപ്പിലൂടെ പരിചയപ്പെട്ടാണ് കാഞ്ഞങ്ങാട് സ്വദേശിയായ 17കാരി ചക്കരക്കൽ സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. പരാതിക്കാരനെ കാഞ്ഞങ്ങാടുള്ള വീട്ടിൽ എത്തിച്ച ശേഷം ഭീഷണിപ്പെടുത്തി നഗ്നനാക്കി ഫോട്ടോയെടുത്തു. തുടർന്ന് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം ഇല്ലെങ്കിൽ സമാന വിലയ്ക്കുള്ള സ്വർണം ആവശ്യപ്പെട്ടു. ഒടുവിൽ ആറുലക്ഷം വേണമെന്ന് പറഞ്ഞു. പണം നൽകാമെന്ന ഉറപ്പിൽ സംഘത്തെ ചക്കരക്കല്ലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ചക്കരക്കൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. ചക്കരക്കൽ സി.ഐ എം.പി.ഷാജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.