കാപ്പാ വ്യവസ്ഥ ലംഘനം:  രണ്ട് പേർ പിടിയിൽ

Friday 23 January 2026 11:15 PM IST

കണ്ണൂർ: കാപ്പാ ചുമത്തപ്പെട്ട് ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് ലംഘിച്ച് എത്തിയ രണ്ട് പ്രതികളെ ടൗൺ പൊലീസ് പിടികൂടി. അത്താഴക്കുന്ന് സ്വദേശി റസീം (29), വിവിധ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടെ പ്രതിയായി കാപ്പാ ചുമത്തപ്പെട്ട് ദീർഘകാലമായി ഒളിവിൽ കഴിയുകയായിരുന്ന കൊറ്റാളി സ്വദേശി ഇർഫാൻ (29) എന്നിവരെയാണ് ടൗൺ ഇൻസ്‌പെക്ടർ പി.എ. ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് റസീം. ദുരിതാശ്വാസ നിധിയിൽ കൃത്രിമം കാണിച്ചതുൾപ്പെടെ വിവിധ കേസുകളിൽ പ്രതിയായ ഇർഫാൻ, കാപ്പാ ചുമത്തപ്പെട്ടതിന് ശേഷം പൊലീസിനെ വെട്ടിച്ച് ബാംഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദീർഘകാലമായി ഒളിവിൽ കഴിയുകയായിരുന്നു. എസ്.ഐ. വി.വി. ദീപ്തി, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്, ജാക്സൺ, നാസർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.