'ഫ്രീ ആയി കുടിവെള്ളം കൊടുത്തില്ല, വിലയിട്ടത് 80 രൂപ', ഒടുവില്‍ സംഭവിച്ചത്

Friday 23 January 2026 11:25 PM IST

ഫരീദാബാദ്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ആള്‍ക്ക് സൗജന്യ കുടിവെള്ളം നിഷേധിച്ചു. പരാതിയെ തുടര്‍ന്ന് റെസ്റ്റോറന്റിന് പിഴയിട്ടിരിക്കുകയാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. 2025 ജൂണില്‍ ഫരീദാബാദിലെ ഒരു റസ്റ്റോറന്റിലാണ് സംഭവം. ആകാശ് ശര്‍മ്മ എന്നയാള്‍ നല്‍കിയ പരാതിയില്‍ ഗാര്‍ഡന്‍ ഗ്രില്‍സ് 2.0 റെസ്റ്റോറന്റിന് കമീഷന്‍ 3000 രൂപ പിഴയിട്ടു. ഭക്ഷണം കഴിക്കാന്‍ എത്തിയ ആകാശ് ഇവിടെ നിന്ന് കുടിവെള്ളം ആവശ്യപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം.

റസ്റ്റോറന്റില്‍ സൗജന്യമായി വെള്ളം നല്‍കുന്നില്ലെന്നും ആവശ്യമുള്ളവര്‍ പണം കൊടുത്ത് കുപ്പിവെള്ളം വാങ്ങണം എന്നുമാണ് ജീവനക്കാരന്‍ പറഞ്ഞത്. പറ്റില്ലെന്ന് അറിയിച്ചപ്പോള്‍ കുപ്പിവെള്ളം പണം കൊടുത്ത് വാങ്ങാന്‍ ഇയാള്‍ നിര്‍ബന്ധിച്ചുവെന്നും മറ്റ് മാര്‍ഗങ്ങളില്ലെന്നും ജീവനക്കാരന്‍ ആകാശിനോട് പറഞ്ഞുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. സൗജന്യമായി കുടിവെള്ളം നല്‍കാന്‍ നിര്‍ബന്ധിതരാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും ജീവനക്കാരും മാനേജരും കൂട്ടാക്കിയില്ല. 40 രൂപ വിലയുള്ള രണ്ട് കുപ്പി വെള്ളം വാങ്ങാന്‍ നിര്‍ബന്ധിച്ച് വാങ്ങിപ്പിക്കുകയും ചെയ്തു.

ന്യായമല്ലാത്ത വ്യാപാര രീതികളും സേവനത്തിലെ പോരായ്മയും ചൂണ്ടിക്കാട്ടി ആകാശ് ശര്‍മ്മ ഫരീദാബാദിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിക്കുകയായിരുന്നു. കമീഷന്‍ നോട്ടീസ് നല്‍കിയെങ്കിലും റസ്റ്റോറന്റ് ഉടമസ്ഥര്‍ ഹാജരായില്ല. തുടര്‍ന്ന് ബില്ലും സത്യവാങ്മൂലവും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ച ശേഷം കമ്മീഷന്‍ പരാതിക്കാരന് അനുകൂലമായി വിധിക്കുകയായിരുന്നു. കുപ്പിവെള്ളത്തിന് ഈടാക്കിയ പണം തിരികെ നല്‍കണമെന്നും 3000 രൂപ ഒരു മാസത്തിനകം പിഴയായി അടയ്ക്കണമെന്നുമാണ് വിധിച്ചത്.