ഡോക്ടറുടെ കാബിൻ തകർത്ത് പോക്സോ പ്രതി സംഭവം കണ്ണൂർ ജില്ലാ ആശുപത്രിയിൽ
കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയുടെ ട്രോമ കെയർ യൂണിറ്റിലെ ക്യാബിൻ ചില്ലുകൾ അടിച്ചു തകർത്ത് പോക്സോ കേസ് പ്രതി. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച തമിഴ്നാട് തിരുനെൽവേലി സ്വദേശിയും കാട്ടാമ്പള്ളിയിലെ താമസക്കാരനുമായ പരമശിവം(30) ആണ് അടിച്ചു തകർത്തത്. പൊലീസുകാർ കാബിന് പുറത്തുനിൽക്കുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിൽ മറ്റ് രോഗികളും ജീവനക്കാരും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറുടെ കാബിൻ ചില്ല് ഇയാൾ അടിച്ചു തകർക്കുന്ന സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇയാൾക്കെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്രണ്ട് ഡോ. എം.കെ. ഷാജ് കണ്ണൂർ സിറ്റി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് കാട്ടാമ്പള്ളിക്ക് സമീപം ഇയാൾ ഒരു കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് വളപട്ടണം സി.ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളെ സ്റ്റേഷനിലെത്തിച്ചപ്പോൾ അക്രമാസക്തനായി പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ചുതകർത്തിരുന്നു. തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളിലും പിടിച്ചുപറിക്കേസുകളിലും പ്രതിയാണ് പരമശിവം. വളപട്ടണത്തും കണ്ണൂരും ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.ഐമാരായ സുജിത്,ഭാസ്കരൻ,എ.എസ്.ഐ ഷാജി,സിവിൽ പൊലീസ് ഓഫീസർമാരായ പ്രജിത്ത്,ജിജേഷ്,വിജേഷ്,ഡ്രൈവർമാരായ സുമിത്ത്,ജോർജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.