 ശ്രീനിവാസൻ വധക്കേസ് പിടികിട്ടാപ്പുള്ളികൾക്കായി ഇനാം പ്രഖ്യാപിച്ച് എൻ.ഐ.എ

Friday 23 January 2026 11:36 PM IST

കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ തെരയുന്ന പി.എഫ്.ഐ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). പിടികിട്ടാപ്പുള്ളികളായ പറവൂർ മുപ്പത്തടം വടക്കേവീട്ടിൽ അബ്ദുൽ വഹാബ് (38), പാലക്കാട് പട്ടാമ്പി ശങ്കരമംഗലം ഇട്ടിലത്തൊടിയിൽ വീട്ടിൽ മുഹമ്മദ് മൻസൂർ (43), പാലക്കാട് പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കര വീട്ടിൽ കെ. അബ്ദുൽ റഷീദ് (35), എറണാകുളം ആലങ്ങാട് പുളിക്കപറമ്പിൽ വീട്ടിൽ മുഹമ്മദ് യാസർ അറാഫത്ത് (34), എറണാകുളം എടവനക്കാട് എ.എ.എസ്.എം. റോഡ് തൈപ്പറമ്പിൽവീട്ടിൽ ടി.എ. അയൂബ് (52), മലപ്പുറം വളാഞ്ചേരി കാട്ടിപ്പരുത്തി പുല്ലാനിക്കാട്ടിൽ വീട്ടിൽ പി. മൊയ്ദീൻകുട്ടി (52) എന്നിവർക്കായാണ് തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇവരിൽ അബ്ദുൽ വഹാബ്, അബ്ദുൽ റഷീദ്, ടി.എ. അയൂബ് എന്നിവരെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് ഏഴുലക്ഷം രൂപയാണ് ഇനാം. മുഹമ്മദ് മൻസൂറിന്റെ ഇനാം മൂന്നുലക്ഷംരൂപയാണ്. മറ്റ് രണ്ടുപേർക്ക് ഇനാം പ്രഖ്യാപിച്ചിട്ടില്ല. എൻ.ഐ.എയുടെ കളമശേരി ഓഫീസിലെ 0484 2349344, 9497715294 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നാണ് നിർദ്ദേശം.