അമ്മയും മകളും ജീവനൊടുക്കിയ സംഭവം: ഉണ്ണിക്കൃഷ്‌ണന്റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മ സജിതയും മകൾ ഗ്രീമയും ജീവനൊടുക്കിയ സംഭവത്തിൽ മുംബയ് പൊലീസ് പിടികൂടിയ ഗ്രീമയുടെ ഭർത്താവ് ഉണ്ണിക്കൃഷ്ണന്റെ അറസ്റ്റ് പൂന്തുറ പൊലീസ് മുംബയിലെത്തി രേഖപ്പെടുത്തി. അന്തേരി ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തലസ്ഥാനത്തെത്തിക്കാൻ പൊലീസിന് അനുമതി ലഭിച്ചു. ശനിയാഴ്ച വിമാനമാർഗമോ അതല്ലെങ്കിൽ ട്രെയിനിലോ നാട്ടിലെത്തിക്കാനാണ് പൂന്തുറ പൊലീസിന്റെ നീക്കം. ഇയാളെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌താലെ കേസിന്റെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. വിദേശത്തേയ്‌ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് വ്യാഴാഴ്ച മുംബയ് വിമാനത്താവളത്തിൽ നിന്ന് ഇയാൾ പിടിയിലായത്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഗാർഹിക പീഡനത്തിനും ആത്മഹത്യ പ്രേരണയ്‌ക്കുമാണ് ഉണ്ണിക്കൃഷ്ണനെതിരെ കേസെടുത്തത്. സജിതയുടെയും ഗ്രീമയുടെയും ആത്മഹത്യാക്കുറിപ്പിൽ ഇയാൾക്കെതിരെ പരാമർശമുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് കമലേശ്വരം സ്വദേശികളായ എസ്.എൽ.സജിത രാജിനെയും മകൾ ഗ്രീമ എസ്.രാജിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തിയത്. സയനൈഡ് കഴിച്ചാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. അതേസമയം ഇവർക്ക് സയനൈഡ് എങ്ങനെ ലഭിച്ചു എന്നതിൽ ദുരൂഹതയുണ്ട്. ആന്തരികാവയവങ്ങളുടെ സൂക്ഷ്മ പരിശോനയ്‌ക്കുശേഷമേ മരണകാരണം ഉറപ്പിക്കാനാകൂയെന്നാണ് പൊലീസ് പറയുന്നത്.