സംസ്ഥാന ടെക്‌നിക്കൽ കലോത്സവം: മൂന്നാം ദിനം: കൊടുങ്ങല്ലൂർ ഹൈസ്‌കൂൾ മുന്നിൽ

Saturday 24 January 2026 1:42 AM IST

  • കലാമേളയ്ക്ക് നാളെ സമാപനം

തൃശൂർ: സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ മുന്നിൽ. 104 പോയന്റ് നേടിയാണ് കൊടുങ്ങല്ലൂർ മുന്നിട്ടു നിൽക്കുന്നത്. കോക്കൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ 93 പോയിന്റുമായി രണ്ടാമതാണ്. പാലക്കാട് ഹൈസ്‌കൂളും 88 പോയിന്റുമായി മൂന്നാമതുണ്ട്. ശനിയാഴ്ച നാടകം, ഗാനമേള, ഭരതനാട്യം, വട്ടംപാട്ട്, ഓട്ടൻതുള്ളൽ, കഥാപ്രസംഗം, കുച്ചുപ്പുടി, മോഹിനിയാട്ടം, ഒപ്പന, ലളിതഗാനം എന്നീ ഇനങ്ങളിൽ മത്സരം നടക്കും. ഇന്നലെ ശാസ്ത്രീയ സംഗീതം, നാടൻപാട്ട്, തിരുവാതിരക്കളി, നാടോടി നൃത്തം, സംഘനൃത്തം, ചെണ്ട, വയലിൻ, കോൽക്കളി, മാപ്പിളപ്പാട്ട്, വയലിൻ, ഗിറ്റാർ, ഓടക്കുഴൽ എന്നീ മത്സരങ്ങളാണ് നടന്നത്. ആകെ 52 ഇനങ്ങളിലാണ് മത്സരം. 44 ടെക്‌നിക്കൽ, ഐ.എച്ച്.ആർ.ഡി സ്‌കൂളുകളിൽ നിന്നായി 1500 പേർ മത്സരിക്കുന്നുണ്ട്. തൃശൂർ ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ, ടൗൺഹാൾ, സാഹിത്യ അക്കാഡമി എന്നിവിടങ്ങളിലായി എട്ട് വേദികളിലാണ് മത്സരം. നാളെ സമാപിക്കും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കൗൺസിലർ അഡ്വ. ജോയ് ബാസ്റ്റ്യൻ അദ്ധക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സുധീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല ജോർജ് എന്നിവർ മുഖ്യാതിഥികളാകും.