ഇറ്റ്‌ഫോക്കിൽ 23 നാടകങ്ങൾ : ഉദ്ഘാടനം നാളെ  

Saturday 24 January 2026 12:00 AM IST

തൃശൂർ: സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ ഒൻപത് വിദേശ നാടകങ്ങൾ അടക്കം 23 നാടകങ്ങൾ അരങ്ങേറും. വിദേശരാജ്യങ്ങളായ അർജന്റീന, ബ്രസീൽ, അർമേനിയ, പാലസ്തീൻ, സ്ലോവാക്യ, സ്‌പെയിൻ, ജപ്പാൻ, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ഒൻപത് വിദേശ നാടകങ്ങളാണ് നാടകോത്സവത്തിലെത്തുന്നത്. മലയാളത്തിൽ നിന്നുള്ള അഞ്ച് നാടകങ്ങൾ അടക്കം 14 ഇന്ത്യൻ നാടകങ്ങളും അരങ്ങേറും. 23 നാടകങ്ങളെ പ്രതിനിധീകരിച്ച് 49 വിദേശനാടക പ്രവർത്തകർ അടക്കം 246 നാടകപ്രതിഭകളാണ് ഇറ്റ്‌ഫോക്കിലെത്തുന്നത്. കേരളത്തിൽ നിന്ന് കൂഹൂ, ആൻ ആന്തോളജി ഓൺ ട്രെയിൻ (ലിറ്റിൽ എർത്ത് സ്‌കൂൾ ഒഫ് തിയേറ്റർ, പാലക്കാട്), ബൈ ബൈ ബൈപാസ് (കളിമുറ്റം, എറണാകുളം), നന്മയിൽ ജോൺ ക്വിഹോത്തെ (അത്‌ലറ്റ് കായിക നാടകവേദി, പാലക്കാട്), മാടൻ മോക്ഷം (മരുതം തിയേറ്റർ ഗ്രൂപ്പ്, ആലപ്പുഴ), സ്‌ക്രീമർ (സ്‌കെയിൽ മീഡിയ, പത്തനംതിട്ട) എന്നീ നാടകങ്ങളുണ്ടാകും. നാളെ വൈകീട്ട് അക്കാഡമി അങ്കണത്തിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും.

ഫ്രാങ്കൻസ്‌റ്റൈൻ പ്രൊജക്ട് ഉദ്ഘാടന നാടകം

നാടകോത്സവത്തിലെ ഉദ്ഘാടന നാടകമാണ് ഫ്രാങ്കൻസ്‌റ്റൈൻ പ്രൊജക്ട്. മേരി ഷെല്ലിയുടെ ഫ്രാങ്കൻസ്‌റ്റൈൻ എന്ന നോവലിനെ ആധാരമാക്കി അർജന്റീനിയയിൽ നിന്നുള്ള ലൂസിയാനോ മൻസൂർ എന്ന നാടകസംഘമാണ് നാടകം അവതരിപ്പിക്കുന്നത്. ഒന്നാംദിനമായ നാളെ വൈകിട്ട് മൂന്നിനും രണ്ടാംദിനമായ 26ന് രാവിലെ ഒമ്പതരയ്ക്കും വൈകിട്ട് മൂന്നിനുമാണ് അക്കാഡമിയിലെ ബ്ലാക്ക് ബോക്‌സിൽ നാടകം അരങ്ങേറുന്നത്. ടിക്കറ്റുകൾ അക്കാഡമിയിൽ നിന്നും ലഭിക്കും. സാധാരണ ടിക്കറ്റിന് 90 രൂപയും വിദ്യാർത്ഥികൾക്ക് 70 രൂപയുമാണ്. ഫെബ്രുവരി ഒന്നിന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.