പുസ്തകം എംടിയെ കുറിച്ചല്ല,​ പ്രമീള നായർ എന്ന എഴുത്തുകാരിയെ കുറിച്ച് ; വിമർശനത്തിൽ പ്രതികരിച്ച് ദീദി ദാമോദരൻ

Saturday 24 January 2026 12:06 AM IST

കോഴിക്കോട് : എം.ടി. വാസുദേവൻ നായരുടെ ആദ്യഭാര്യ പ്രമീളാ നായരെ കുറിച്ചുള്ള 'എം.ടി സ്പേസ്,​ ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി ദീദി ദാമോദരൻ. പുസ്തകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.ടിയുടെ മക്കളായ അശ്വതിയും സിതാരയും രംഗത്ത് വന്നതിന് പിന്നാലെയാണ് ദീദി ദാമോദരന്റെ മറുപടി. പുസ്തകം വായിക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും പുസ്തകം എം.ടിയെ കുറിച്ചല്ലാത്തതിനാൽ അനുവാദം വാങ്ങേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്.

ആരെയും അവഹേളിക്കുന്ന കാര്യങ്ങൾ പുസ്തകത്തിലല്ല. ഏതു ഭാഗമാണ് മക്കളെ വേദനിപ്പിച്ചതെന്ന് പറഞ്ഞാൽ പരിശോധിക്കാമെന്നും ദീദി ദാമോദരൻ പറഞ്ഞു. പ്രമീള എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകം. എം.ടിയെ കുറിച്ചല്ല,​ സിതാരയും അശ്വതിയും ജനിക്കുന്നതിന് മുമ്പുള്ള കാലഘട്ടമാണ് പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. പുസ്തകത്തിൽ തെറ്റായി എന്താണുള്ളതെന്ന് പറയുന്നവർ വ്യക്തമാക്കി തരണം. പ്രമീള നായർ എന്ന പേര് അവർക്കെന്നും പ്രശ്നമാണ്. എം.ടിയുടെ പല ചിത്രങ്ങളിലും പ്രമീള നായരെ പോലുള്ള സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്. വിവാദം എന്തിനെ കുറിച്ചാണെന്ന് അറിയില്ലെന്നും ദീദീ ദാമോദരൻ പറഞ്ഞു.

പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗവും വസ്തുതകൾക്ക് നിരക്കാത്തതാണെന്നാണ് എം.ടിയുടെ മക്കളായ സിതാരയും അശ്വതിയും സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംയുക്ത പ്രസ്താവനയിൽ പറഞ്ഞത്. പുസ്തകത്തിലെ കാര്യങ്ങൾ അർദ്ധ സത്യങ്ങളും വളച്ചൊടിക്കലുമാണ്. കുടുംബത്തെ തേജോവധം ചെയ്ത് അതുവഴി ആർജ്ജിക്കുന്ന കുപ്രസിദ്ധിയിലൂടെ പുസ്തകം വിൽക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.

എം.ടിയുടെ പുസ്തകങ്ങൾ ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യുകയും പിന്നീട് ജീവിത സഖിയായി മാറുകയും ചെയ്ത പ്രമീള നായരുടെ ജീവിതത്തോട് ചേർന്നുള്ള സഞ്ചാരമാണ് എം.ടി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ എന്ന പുസ്തകം. ബുക്ക്‌വേം ആണ് പ്രസാധകർ.