ഒരു വയസുള്ള കുഞ്ഞ് മരിച്ച സംഭവം: കൊലയാളി അച്ഛൻ തന്നെ; അറസ്റ്റിൽ
നെയ്യാറ്റിൻകര: ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ അച്ഛനെ പൊലീസ് അറസ്റ്റുചെയ്തു.കവളാകുളം സ്വദേശി ഷിജിലിനെയാണ് (32) നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.കുഞ്ഞിന്റെ വയറ്റിൽ കൈമുട്ട് കൊണ്ട് ക്ഷതമേൽപിച്ചെന്ന് അച്ഛൻ സമ്മതിച്ചു.കുഞ്ഞ് തന്റേതല്ലെന്ന സംശയമാണ് കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഷിജിൻ പൊലീസിനോട് പറഞ്ഞു. അടിവയറ്റിൽ ആഴത്തിലുള്ള ക്ഷതമേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ 16ന് വൈകിട്ടാണ് കവളാകുളത്ത് ഷിജിൽ - കൃഷ്ണപ്രിയ ദമ്പതികളുടെ ഏകമകൻ ഇഹാൻ കുഴഞ്ഞുവീണ് മരിച്ചത്.ബിസ്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണതെന്നും വായിൽ നിന്ന് നുരയും പതയും വന്നിരുന്നതായും മാതാപിതാക്കൾ മൊഴി നൽകിയിരുന്നു.എന്നാൽ കുട്ടി കഴിച്ച ഭക്ഷണങ്ങളുടെ സാമ്പിളുകളുടെ പരിശോധയിൽ ബിസ്കറ്റിലോ ഫ്രൂട്ട്സിലോ വിഷാംശമില്ലെന്ന് കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെ കുഞ്ഞിന്റെ വയറ്റിൽ ക്ഷതമേറ്റിരുന്നതായും ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ മൊഴി നൽകിയതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടും പരിശോധന ഫലങ്ങളും ലഭിക്കാത്തതിനാൽ അന്വേഷണം വഴിമുട്ടി. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ അച്ഛനെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു.
കാഞ്ഞിരംകുളം സ്വദേശികളായ ഇവർ ഒരുവർഷം മുമ്പാണ് കവളാകുളത്ത് വാടകവീട്ടിൽ താമസിച്ചു തുടങ്ങിയത്. ഒരു മാസം മുമ്പ് കുഞ്ഞിന്റെ കൈയൊടിയുകയും കാരണക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു.എന്നാൽ ഇതേക്കുറിച്ച് തിരക്കിയപ്പോൾ മാതാപിതാക്കൾ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. ഇതും ദുരൂഹത വർദ്ധിപ്പിച്ചിരുന്നു. ഷിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.