1.75 കോടിയുടെ ഇൻവെസ്റ്റ്‌മെന്റ് തട്ടിപ്പ് ; ഇടനിലക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: വ്യവസായിയിൽ നിന്നു ഒന്നേമുക്കാൽ കോടി രൂപ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശിയെ തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യസൂത്രധാരനും ഇടനിലക്കാരനുമായ മഞ്ചേരി പുതിയകുളം സുഫൈൽ മുക്താർ (30)ആണ് അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പിലൂടെ ലഭിക്കുന്ന തുക എ.ടി.എമ്മിലൂടെയും ചെക്കിലൂടെയും കൈവശപ്പെടുത്തിയ ശേഷം അത് ക്രിപ്റ്റോ ഇടപാടുകളിലൂടെ വിദേശരാജ്യങ്ങളിലേക്ക് അയക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തതിനാണ് അറസ്റ്റിലായത്. ഇതിനുപുറമേ ഇയാൾ വിദേശരാജ്യങ്ങളിലേക്ക് നാട്ടിൽ നിന്നും വിവിധ അക്കൗണ്ടുകളുടെ ഇന്റർനെറ്റ് ബാങ്കിംഗ് പാസ്‌വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ അയച്ചു കൊടുക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അറസ്റ്റിലായ സുഫൈൽ മുത്താർ ബിറ്റ്‌കോയിൻ എക്സ്‌ചേഞ്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട മലയാളിയായ അബ്ദുൽ ഷുക്കൂർ വധക്കേസിലെ പ്രതിയാണ്. തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി സുദർശൻ കെ.എസിന്റെ നിർദേശാനുസരണം തിരുവനന്തപുരം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ആനന്ദ് വി.എൽ, സിയാദ് മുഹമ്മദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജിത്ത് ദാസ്, സി.പി.ഒ വിഷ്ണു എന്നിവരാണ് പ്രതിയെ പിടികൂടിയത്.