എസ്.ഐ.ആർ: 110 പേരുടെ ജീവനെടുത്തുയെന്ന് മമത
കൊൽക്കത്ത: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തീവ്ര വോട്ടർ പട്ടിക
(എസ്.ഐ ആർ) സംബന്ധിച്ച ഉത്കണ്ഠ കാരണം സംസ്ഥാനത്ത് ദിവസവും മൂന്നോ നാലോ പേർ ആത്മഹത്യ ചെയ്യുന്നു. 40ലധികം പേർ ചികിത്സയിലാണ്. ഇതിനോടകം ബംഗാളിൽ 110ലധികം പേരുടെ ജീവൻ നഷ്ടപ്പെട്ടെന്നും ഇതിന്റെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാരും ഏറ്റെടുക്കണമെന്നും മമത ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതെന്നും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മമത ചോദിച്ചു.
ചരിത്രത്തെ
വളച്ചൊടിക്കുന്നു
രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി മമത ആരോപിച്ചു. അപമാനം, അസഹിഷ്ണുത, നന്ദികേട്, ഭാഷയോടുള്ള അവഹേളനം എല്ലാം നടക്കുന്നു. മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ബി.ആർ. അംബേദ്കർ തുടങ്ങിയവരെ ബി.ജെ.പി അപമാനിക്കുകയാണ്. കേന്ദ്രം രാജ്യത്തിന്റെ ചരിത്രത്തെ വികലമാക്കാൻ ശ്രമിക്കുകയാണ്.
സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ തകർക്കുന്നു. അവരുടെ സംഭാവനകൾക്ക് വിലനൽകുന്നില്ല. സുഭാഷ് ചന്ദ്രബോസിന്റെ
ജന്മദിനം ഇതുവരെ ദേശീയ അവധിയായി പ്രഖ്യാപിച്ചിട്ടില്ല. പട്ടേൽ മുതൽ നേതാജി വരെയുള്ളവർ സ്വപ്നംകണ്ട സ്വതന്ത്ര ഇന്ത്യ ഇല്ലാതാകുകയാണെന്നുംരാജ്യത്തിന്റെ ചരിത്രവുമായി ബന്ധമില്ലാത്ത പുതിയ ചരിത്രം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. നേതാജി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തോടും പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുമായിരുന്നുവെന്നും ആരോപിച്ചു.