കാർത്തി ചിദംബരം പ്രതിയായ കേസ് : ഒരു ജഡ്‌ജി കൂടി പിന്മാറി

Saturday 24 January 2026 12:19 AM IST

ന്യൂഡൽഹി: ചൈനീസ് വിസാ തട്ടിപ്പുക്കേസിലെ വിചാരണാനടപടിക്കെതിരെ കോൺഗ്രസ് എം.പി കാർത്തി ചിദംബരം സമർപ്പിച്ച ഹ‌ർജി പരിഗണിക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലെ ഒരു ജഡ്‌ജി കൂടി പിന്മാറി. വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറുകയാണെന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയ ഇന്നലെ പറഞ്ഞു. നേരത്തെ ജസ്റ്റിസുമാരായ സ്വരാന കാന്ത ശ‌ർമ്മയും അനുപ് ജയ്റാം ഭംഭാനിയും വാദംകേൾക്കാൻ തയ്യാറായില്ല. 28ന് പുതിയ ബെഞ്ച് ഹ‌ർജി പരിഗണിച്ചേക്കും. തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന,സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകൽ തുടങ്ങിയ കുറ്റങ്ങളിൽ വിചാരണ നടത്താൻ ഡൽഹി റൗസ് അവന്യു കോടതി തീരുമാനിച്ചിരുന്നു. ഇതിനെയാണ് മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനായ കാർത്തി ചോദ്യംചെയ്യുന്നത്. ഇടനിലക്കാർ മുഖേന 50 ലക്ഷം രൂപ വാങ്ങി 250ൽപ്പരം ചൈനീസ് പൗരന്മാ‌ർക്ക് ഇന്ത്യൻ വിസ ശരിയാക്കി കൊടുത്തുവെന്നാണ് സി.ബി.ഐ ആരോപണം. പഞ്ചാബിലെ വൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട ജോലികൾക്കാണ് ചട്ടങ്ങൾ മറികടന്ന് പ്രൊജക്‌ട് വിസ അനുവദിച്ചതെന്നും സി.ബി.ഐ പറയുന്നു.