തമിഴ്നാട്ടിൽ ഇരട്ട എൻജിൻ സർക്കാർ വരും, ഡി.എം.കെയുടെ കൗണ്ട് ഡൗൺ തുടങ്ങി: മോദി
ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെ സർക്കാരിന്റെ കൗണ്ട് ഡൗൺ തുടങ്ങിയെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമെന്നും പ്രധാനമന്ത്രി. തമിഴ്നാട് ചെങ്കൽപ്പേട്ട് ജില്ലയിലെ മധുരാന്തകത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മോദി. കഴിഞ്ഞ ദിവസം എൻ.ഡി.എയിൽ തിരിച്ചെത്തിയ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ അടക്കം മുന്നണി നേതാക്കൾ റാലിയിൽ പങ്കെടുത്തു.
ഡി.എം.കെ സർക്കാർ ജനങ്ങളെക്കാൾ കുടുംബത്തിന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. പുരോഗതിക്കുള്ള അവസരങ്ങൾ പരിമിതമാണ്. അഴിമതിക്കാരും സ്ത്രീകളെ അക്രമിക്കുന്നവരും സംസ്കാരത്തെ അനാദരിക്കുന്നവരുമാണ് ഡി.എം.കെയെ അനുകൂലിക്കുന്നത്. ഇത് തമിഴ്‌നാട്ടിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. തന്റെ പ്രസംഗം കേൾക്കാനെത്തിയ വൻ ജനക്കൂട്ടം തമിഴ്‌നാട് മാറ്റത്തിന് തയ്യാറാണെന്ന സന്ദേശം നൽകുന്നു. ഡി.എം.കെയുടെ ദുർഭരണത്തിൽ നിന്ന് സംസ്ഥാനം മോചനം ആഗ്രഹിക്കുന്നു. അവർ ബി.ജെ.പി-എൻ.ഡി.എ സർക്കാർ വേണമെന്ന് ആഗ്രഹിക്കുന്നു.
തിരുപ്പറകുൺഡ്രം മുരുകൻ ക്ഷേത്രത്തിലെ കാർത്തിക ദീപം തെളിയിക്കൽ വിവാദത്തിൽ ഡി.എം.കെ വോട്ട് ബാങ്ക് നോക്കി ഭക്തരുടെ അവകാശങ്ങൾ അവഗണിച്ചെന്നും മോദി കുറ്റപ്പെടുത്തി. പാർട്ടി കോടതിയെ പോലും വെറുതെ വിട്ടില്ല. തമിഴ്‌നാടിനെ ഡി.എം.കെ സർക്കാരിൽ നിന്ന് മോചിപ്പിക്കണം എന്ന ഒറ്റ ദൃഢനിശ്ചയത്തോടെയാണ് എൻ.ഡി.എ നേതാക്കൾ ഒന്നിച്ചതെന്നും മോദി ചൂണ്ടിക്കാട്ടി.
2014ന് മുമ്പ് കോൺഗ്രസും ഡി.എം.കെയും കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ നൽകിയതിനേക്കാൾ മൂന്നിരട്ടി തുക തമിഴ്നാടിന്റെ വികസനത്തിനായി എൻ.ഡി.എ സർക്കാർ അനുവദിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന്റെ പേരിൽ ഡി.എം.കെ അഴിമതി നടത്തുകയാണ്. സ്റ്റാലിൻ സർക്കാരിന് കീഴിൽ മയക്കുമരുന്ന് മാഫിയകൾ തഴച്ചുവളരുകയാണ് - മോദി പറഞ്ഞു.
ഘടകക്ഷി നേതാക്കളായ അൻപുമണി രാമദോസ്(പി.എം.കെ), എടപ്പാടി കെ.പളനിസ്വാമി( അണ്ണാ ഡി.എം.കെ), തമിഴ്‌നാട് ബി.ജെ.പി അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ, കേന്ദ്ര മന്ത്രി എൽ. മുരുഗൻ തുടങ്ങിയവരും പങ്കെടുത്തു.
'സി.എം.സി സർക്കാർ'
രണ്ടുതവണ അധികാരത്തിലേറ്റിയ ജനങ്ങളുടെ വിശ്വാസം ഡി.എം.കെ തകർത്തു. വാഗ്ദാനങ്ങൾ പാലിച്ചില്ല. ആളുകൾ ഡി.എം.കെ സർക്കാരിനെ 'സി.എം.സി(കറപ്‌ഷൻ, മാഫിയ, ക്രൈം) സർക്കാർ' എന്നു വിളിക്കുന്നു. യുവാക്കൾ മയക്കുമരുന്നിന് അടിമകളായി. മുൻ മുഖ്യമന്ത്രി ജയലളിതയുടെ കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷയില്ല. അതിനാൽ ജനങ്ങൾ ഡി.എം.കെയെയും സി.എം.സിയെയും പിഴുതെറിയാൻ തീരുമാനിച്ചിരിക്കുന്നു. ഇവിടെ, ഇരട്ട എൻജിൻ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമെന്നുറപ്പാണ്.