അഭിഭാഷകയുടെ വീട്ടിലെ കവർച്ച: പ്രതി പിടിയിൽ

Saturday 24 January 2026 12:44 AM IST

കാസർകോട്: കുമ്പള നായിക്കാപ്പിലെ യുവ അഭിഭാഷക ചൈത്രയുടെ വീട്ടിൽ നിന്നും പണവും സ്വർണവും കവർന്ന പ്രതി പിടിയിൽ. കർണാടക സ്വദേശി കലന്തർ ഇബ്രാഹിമാണ് (42) അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് അഡ്വ. ചൈത്രയുടെ വീട്ടിൽ നിന്ന് 31,67,000 രൂപയുടെ സ്വർണാഭരണങ്ങളും കാൽലക്ഷം വിലവരുന്ന വെള്ളി ആഭരണങ്ങളും 5,000 രൂപയും കവർന്നത്. പ്രതി കർണാടക പൊലീസിന്റെ പിടിയിലായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള പൊലീസ് സ്ഥലത്തെത്തി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

പ്രതിയുടെ നീക്കങ്ങൾ, മോഷണരീതി, സമയക്രമം എന്നിവ കൃത്യമായി മനസിലാക്കിയാണ് അന്വേഷണം കലന്തറിലെത്തിയത്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചപ്പോൾ തന്നെ പ്രതിയുടെ സാന്നിദ്ധ്യം മനസിലായിരുന്നു.

2024 നവംബർ നാലിന് പുലർച്ചെ മാന്യയിലെ ശ്രീ അയ്യപ്പ ഭജനമന്ദിരത്തിൽ നിന്ന് ആറ് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി വിഗ്രഹവും രുദ്രാക്ഷ മാലയും കവർന്നതടക്കം കാസർകോട്ടും കർണാടകയിലുമായി 25 ഓളം കേസിലെ പ്രതിയാണ് ഇബ്രാഹിം. തൊണ്ടിമുതൽ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.