ഗാസയുടെ 'മുഖച്ഛായ മാറ്റാൻ" യു.എസ് പുനർ നിർമ്മാണ പദ്ധതി അവതരിപ്പിച്ചു
ജനീവ: ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയെ പുതിയ ഹൈ ടെക് നഗരമാക്കി മാറ്റാനുള്ള മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് യു.എസ്. സ്വിറ്റ്സർലൻഡിലെ ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറാണ് പദ്ധതി അവതരിപ്പിച്ചത്.
ഗാസയെ ഏറ്റെടുത്ത് പുനർനിർമ്മിക്കുമെന്ന് ട്രംപ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 2035നുള്ളിൽ തെക്കൻ ഗാസയിൽ നിന്ന് തുടങ്ങി വടക്കൻ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്ന തരത്തിൽ നാല് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയത് 2500 കോടി ഡോളർ ചെലവ് പ്രതീക്ഷിക്കുന്നു. റാഫയിൽ പുതിയ അതിർത്തി ക്രോസിംഗും നിർമ്മിക്കും.
അതേസമയം, പദ്ധതിയ്ക്കുള്ള ഫണ്ട് എവിടെ നിന്ന് ലഭിക്കുമെന്ന് യു.എസ് വ്യക്തമാക്കിയിട്ടില്ല. വരും ആഴ്ചകളിൽ വാഷിംഗ്ടണിൽ ചർച്ചകൾ നടക്കുമെന്ന് ജറേഡ് പറഞ്ഞു. ഗാസയുടെ പുനർനിർമ്മാണത്തിന് മേൽനോട്ടം വഹിക്കാനായി താൻ ആവിഷ്കരിച്ച അന്താരാഷ്ട്ര സംഘടനയായ 'സമാധാന ബോർഡി"ന്റെ (ബോർഡ് ഒഫ് പീസ്) ഉദ്ഘാടനം ട്രംപ് കഴിഞ്ഞ ദിവസം ഉച്ചകോടിയിൽ നിർവഹിച്ചിരുന്നു.
# തെക്കൻ ഗാസയിൽ
1,00,000 ഭവന യൂണിറ്റുകൾ
200 സ്കൂളുകൾ
75 ആരോഗ്യ കേന്ദ്രങ്ങൾ
1 തുറമുഖം
1 വിമാനത്താവളം
ഗാസ സിറ്റി അടക്കം വടക്കൻ പ്രദേശങ്ങളെ വ്യാവസായിക, ഊർജ്ജ, ടൂറിസം ഹബ്ബാക്കാൻ ലക്ഷ്യം
# ബഹുനില കെട്ടിടങ്ങൾ ഉയരും
കടലിനോട് ചേർന്ന് മനോഹരമായ ടൂറിസ്റ്റ് മേഖല നിർമ്മിക്കും. ആഡംബര താമസത്തിനും ടൂറിസത്തിനുമായി 180 ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കും. ഡേറ്റാ സെന്ററുകളും ഉത്പാദന കേന്ദ്രങ്ങളും സ്ഥാപിക്കും. 100 ശതമാനം ജോലിയും 1000 കോടി ഡോളറിൽ കൂടുതൽ ജി.ഡി.പിയും ലക്ഷ്യം.
# കടമ്പകൾ ഏറെ
1. പദ്ധതി തുടങ്ങും മുമ്പ് ഹമാസ് പൂർണമായും ആയുധം ഉപേക്ഷിക്കണം. ഇക്കാര്യത്തിൽ ഇനിയും തീരുമാനമുണ്ടായിട്ടില്ല. ഗാസയുടെ ഇടക്കാല ഭരണത്തിനായി 15 പാലസ്തീനിയൻ സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന നാഷണൽ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. അധികാരം കൈമാറുമെന്ന് ഹമാസ് അറിയിച്ചെങ്കിലും നടപടിക്രമങ്ങൾ തുടങ്ങിയിട്ടില്ല
2. ഹമാസ് ഭീഷണി ഒഴിഞ്ഞാലേ ഇസ്രയേൽ സൈന്യം പൂർണമായും പിന്മാറൂ (നിലവിൽ ഗാസയുടെ 53 ശതമാനം ഇസ്രയേൽ നിയന്ത്രണത്തിൽ). തുടർന്ന് അമേരിക്കൻ, അറബ്, യൂറോപ്യൻ പ്രാതിനിധ്യമുള്ള താത്കാലിക സേന ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കും
3. 6.8 കോടി ടൺ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് മുൻഗണന. എന്നാൽ കടുത്ത വെല്ലുവിളി. ഇവയ്ക്കിടെയിൽ പൊട്ടാതെ കിടക്കുന്ന സ്ഫോടക വസ്തുക്കളുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയിൽ ഗാസയിലെ ജനങ്ങൾ എവിടെ കഴിയുമെന്നും വ്യക്തമല്ല