യു.എസ് യുദ്ധക്കപ്പലുകൾ മിഡിൽ ഈസ്‌റ്റിലേക്ക്
Saturday 24 January 2026 7:18 AM IST
വാഷിംഗ്ടൺ : വിമാനവാഹിനിയായ യു.എസ്.എസ് എബ്രഹാം ലിങ്കണിന്റെ നേതൃത്വത്തിൽ യു.എസിന്റെ വമ്പൻ നാവിക സന്നാഹം മിഡിൽ ഈസ്റ്റ് ലക്ഷ്യമിട്ട് നീങ്ങുകയാണെന്ന് സ്ഥിരീകരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നീങ്ങുന്ന യുദ്ധക്കപ്പലുകൾ വരുംദിവസങ്ങളിൽ പേർഷ്യൻ ഉൾക്കടലിലേക്ക് കടക്കുമെന്ന് കരുതുന്നു. ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ ഇറാനെതിരെ ട്രംപ് നേരത്തെ ആക്രമണ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ പ്രക്ഷോഭം തണുത്തതോടെ ട്രംപ് നിലപാട് മയപ്പെടുത്തി. ഇറാൻ ഭരണകൂടം പ്രകോപനം സൃഷ്ടിച്ചാൽ സൈനിക ഇടപെടലുണ്ടാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞു.