യുക്രെയിൻ ഡോൺബാസിൽ നിന്ന് പിന്മാറണം: റഷ്യ
അബുദാബി: ഡോൺബാസിൽ നിന്ന് യുക്രെയിൻ സൈന്യം പിന്മാറണമെന്നും അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും റഷ്യ. ഇന്നലെ യു.എ.ഇയിലെ അബുദാബിയിൽ റഷ്യ-യു.എസ്-യുക്രെയിൻ ത്രികക്ഷി ഉന്നതതല ചർച്ചയ്ക്ക് മുന്നേയായിരുന്നു പ്രതികരണം. 2022 മുതൽ തുടരുന്ന റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസ് ശ്രമത്തിന്റെ ഭാഗമായിട്ടാണ് ചർച്ച. റഷ്യ ആദ്യമായിട്ടാണ് യുക്രെയിൻ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറായത്. ഡോൺബാസ് അടക്കം യുക്രെയിനിൽ തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങൾ വിട്ടുനൽകില്ലെന്നാണ് റഷ്യയുടെ നിലപാട്. ചർച്ച ഇന്നും തുടരും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്നറും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇരുവരും കഴിഞ്ഞ ദിവസം മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.