പേട്ടയിൽ വൻലഹരിവേട്ട; ബംഗളൂരുവിൽ നിന്നെത്തിച്ച 157 ഗ്രാം എംഡിഎംഎ പിടികൂടി, രണ്ട് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനുസമീപം യുവാക്കളിൽ നിന്ന് എംഡിഎംഎ പിടികൂടി. കാട്ടാക്കട സ്വദേശി നന്ദു, കുടവൂർ സ്വദേശി നന്ദഹരി എന്നീ യുവാക്കളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയവരിൽ നിന്നാണ് എട്ട് ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരിസാധനങ്ങൾ പിടിച്ചെടുത്തത്. ബംഗളൂരുവിൽ നിന്ന് ട്രെയിനിലെത്തിച്ച 157 ഗ്രാം എംഡിഎംഎ ശേഖരിച്ച് മടങ്ങുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം എക്‌സൈസ് നാർക്കോട്ടിക്സ് ടീമിന്റെയും പേട്ട പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ലഹരിസാധനങ്ങൾ പേട്ട, വഞ്ചിയൂർ ഭാഗം കേന്ദ്രീകരിച്ച് വില്പന നടത്താനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് വിവരം. എംഡിഎംഎ പാക്കറ്റുകളിലാക്കി യുവാക്കൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വസ്ത്രത്തിലും ഒളിപ്പിച്ചനിലയിലായിരുന്നു.