'സ്‌കില്ലുകൾ മിനുക്കിയെടുക്കാൻ പരിശീലനത്തിന് പോകണം, മെന്റലിസ്റ്റ് ആദി 35 ലക്ഷം തട്ടിയത് ലാഭത്തിൽ നിന്ന് മൂന്നിലൊന്ന് തരാമെന്ന് പറഞ്ഞ്'
കൊച്ചി: തന്റെ കഴിവുകൾ മിനുക്കിയെടുക്കുന്നതിനായി ലാസ് വേഗാസിൽ പോയി പരിശീലനം നേടണമെന്നും ഇതിനായി 35 ലക്ഷം രൂപ വേണ്ടിവരുമെന്നും തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയാണ് മെന്റലിസ്റ്റ് ആദി പണം തട്ടിയതെന്ന് പരാതിക്കാരൻ. ഇതുമായി ബന്ധപ്പെട്ട് ചില സാധനങ്ങൾ വരുത്തിക്കണമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നുവെന്നും പരാതിക്കാരൻ വെളിപ്പെടുത്തി.
'2026ലെ എല്ലാ ഷോകൾക്കും തനിക്ക് ഡേറ്റ് തരാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. പത്ത് ഷോകളിൽ നിന്നുള്ള ലാഭത്തിന്റെ മൂന്നിലൊന്ന് നൽകാമെന്നും വാഗ്ദാനം ചെയ്തു. 90 ശതമാനം ഷോയും വിറ്റഴിഞ്ഞിരുന്നു. രണ്ടുദിവസത്തിനുള്ളിൽ പണം തിരികെ നൽകാമെന്നും പറഞ്ഞു. രണ്ടുദിവസത്തിനുശേഷം ഞാൻ കൂടിക്കാഴ്‌ചയ്ക്ക് വിളിച്ചു. അവർ വന്നതിനുശേഷം പണം തിരികെ ചോദിച്ചപ്പോഴാണ് കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞത്. ഷോ നഷ്ടമാണ് പണം നൽകാൻ കഴിയില്ല എന്നുപറഞ്ഞു. ലാഭവിഹിതം തരേണ്ട വാങ്ങിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിയുടെ സ്വരത്തിലാണ് സംസാരിച്ചത്. പരാതി കൊടുത്തിട്ടുണ്ട്. പൊലീസിൽ വിശ്വാസമുണ്ട്'-പരാതിക്കാരൻ വ്യക്തമാക്കി.
'ഇൻസോമ്‌നിയ' എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചുവെന്ന് കൊച്ചി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസ് മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ കേസെടുത്തിരിക്കുകയാണ്. നാല് പ്രതികളാണ് കേസിലുള്ളത്. മെന്റലിസ്റ്റ് ആദിയെന്ന ആദർശ് കേസിൽ ഒന്നാം പ്രതിയും ജിസ് ജോയി നാലാം പ്രതിയുമാണ്. രണ്ട് ഘട്ടമായി 35 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. അതേസമയം കേസുമായി ബന്ധമില്ലെന്നാണ് സംവിധായകൻ ജിസ് ജോയിയുടെ പ്രതികരണം. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.