'ആ നടന്റെ അമ്മയായി അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ ഷോക്കായി, നോ പറയാൻ പോലും സാധിക്കാത്ത അവസ്ഥയായി'
തെന്നിന്ത്യൻ സിനിമയിലെ മിക്ക സൂപ്പർസ്റ്റാറുകളുടെയും നായികയായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീന. ബാലതാരമായെത്തിയ മീന ഇപ്പോഴും സിനിമയിൽ സജീവമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന ദൃശ്യത്തിന്റെ മൂന്നാംഭാഗമാണ് മീനയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഏപ്രിൽ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ കരിയറിൽ തനിക്ക് ഒരുപാട് നല്ല ചിത്രങ്ങൾ നഷ്ടപ്പെട്ടുപോയെന്ന് മീന പറഞ്ഞിരിക്കുകയാണ്. പല സൂപ്പർതാരങ്ങളുടെയും സിനിമകൾ ചെയ്യാൻ സാധിച്ചില്ലെന്നും നടി പറയുന്നു.
'മോഹൻലാൽ - മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ ഹരികൃഷ്ണൻസ്, തേവർമകൻ, പടയപ്പ എന്നീ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും നടക്കാതെ പോയി. പല അഭിമുഖങ്ങളിലും ഞാൻ ഈ സിനിമകൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. അങ്ങനെ കുറേ സിനിമകളുണ്ട്. നമുക്ക് എല്ലാ സിനിമയും ചെയ്യാൻ പറ്റില്ലല്ലോ. ആ സിനിമകളൊക്കെ വലിയ വിജയമാകുമ്പോൾ അവയിൽ അഭിനയിക്കാൻ സാധിക്കാതെ വന്നതിൽ വിഷമം തോന്നിയിട്ടുണ്ട്. യാഥാർത്ഥ്യം മനസിലാക്കിയല്ലേ പറ്റൂ.
ബ്രോ ഡാഡി എന്ന സിനിമയിൽ പൃഥ്വിരാജ് എന്റെ മകനാണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഷോക്കായി പോയി. നിർമാതാവ് ആന്റണിയോട് എന്താ പറയുന്നതെന്നുവരെ ചോദിച്ചു. ഞാൻ എന്തിനാണ് ആ വേഷം ചെയ്തതെന്ന് ആരും ചോദിച്ചിട്ടില്ല. ആ സിനിമ കണ്ടാൽ ആരും അങ്ങനെ ചോദിക്കില്ല. സിനിമയുടെ തിരക്കഥയും സംവിധാനവും അങ്ങനെയായിരുന്നു. അത്രയും പെർഫെക്ടായിരുന്നു. അല്ലെങ്കിൽ ചെയ്യില്ലായിരുന്നു. എനിക്ക് നോ പറയാൻ കഴിയാത്ത അവസ്ഥയായി. സ്വന്തം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മനുഷ്യനാണ് പൃഥ്വിരാജ്. സമയം പാഴാക്കി കളയില്ല. അതുകൊണ്ടാണ് അദ്ദേഹം ഒരു നല്ല നടനായും സംവിധായകനായും മാറിയത്'- മീന പറഞ്ഞു.