കിടക്ക ഇഷ്‌ടപ്പെട്ടില്ല, മസാജ് സേവനം കാൻസൽ ചെയ്യാൻ ശ്രമിച്ച സ്‌ത്രീയെ ക്രൂരമായി മർദിച്ച് ജീവനക്കാരി; വീഡിയോ

Saturday 24 January 2026 12:03 PM IST

മുംബയ്: തോളുവേദന മാറാൻ അർബൻ കമ്പനി ആപ്പ് വഴി മസാജ് ബുക്ക് ചെയ്‌ത സ്‌ത്രീക്ക് ക്രൂരമർദനം നേരിടേണ്ടി വന്നതായി പരാതി. 46കാരിയായ സ്‌ത്രീയുടെ മുടിയിൽ പിടിച്ച് വലിക്കുന്നതിന്റെയും മുഖത്ത് ഇടിക്കുന്നതിന്റെയും വീഡിയോ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്.

മുംബയിലെ വഡാലയിലാണ് സ്‌ത്രീ താമസിക്കുന്നത്. ആപ്പ് വഴി മസാജ് സേവനം ബുക്ക് ചെയ്‌തതനുസരിച്ച് കൃത്യസമയത്തുതന്നെ മസാജ് ചെയ്യുന്ന സ്‌ത്രീ വീട്ടിലെത്തി. എന്നാൽ, മസാജ് ചെയ്യാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവർ തമ്മിൽ തർക്കം ആരംഭിച്ചു. ജീവനക്കാരി കൊണ്ടുവന്ന വലിയ മസാജ് ബെഡ് ഇഷ്‌ടപ്പെടാത്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. ഇതോടെ മനസ് മാറിയ സ്‌ത്രീ മസാജ് വേണ്ടെന്ന് വയ്‌ക്കാൻ തീരുമാനിച്ചു. ആപ്പിൽ റീഫണ്ട് ആവശ്യപ്പെട്ടതോടെ മസാജ് ചെയ്യാൻ വന്ന ജീവനക്കാരിക്ക് ദേഷ്യം വന്നു. ഇവർ സ്‌ത്രീയെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കാൻ തുടങ്ങി. അധികം വൈകാതെ തന്നെ ഇത് കയ്യാങ്കളിയിലേക്ക് മാറി.

സ്‌ത്രീയെ നിലത്തേക്ക് തള്ളിയിട്ട ജീവനക്കാരി ക്രൂരമായി മർദിച്ചു. ശരീരത്തിൽ ധാരാളം മുറിവുകളും ഉണ്ടായി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ച മകനെയും ജീവനക്കാരി തള്ളിമാറ്റി. എന്റെ വീട്ടിൽ കയറി അമ്മയെ ഉപദ്രവിക്കുന്നൂ എന്ന് കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് പറയുന്നതും വീഡിയോയിൽ കേൾക്കാം.

സ്‌ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരിക്കെതിരെ വഡാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആപ്പിൽ മസാജ് ചെയ്യുന്നയാളുടെ പേരും ഐഡന്റിറ്റി കാർഡും പരിശോധിച്ചപ്പോൾ ചില സാങ്കേതിക ക്രമക്കേടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തി. വൈറലായ വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് സമഗ്രമായ അന്വേഷണം നടത്തുകയാണ്.