യൂനുസ് അധികാരമോഹിയായ രാജ്യദ്രോഹി: ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷെയ്ഖ് ഹസീന

Saturday 24 January 2026 12:18 PM IST

ന്യൂഡൽഹി: ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്‌‌ടാവായ മുഹമ്മദ് യൂനുസിനെതിരെ രൂക്ഷവിമർശനവുമായി ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അധികാരമോഹിയായ രാജ്യദ്രോഹിയെന്ന് പറഞ്ഞുകൊണ്ട് കടുത്ത ഭാഷയിലാണ് യൂനുസിനെ ഹസീന കടന്നാക്രമിച്ചത്. രാജ്യം നിലവിൽ ഭീകരതയുടെയും നിയമരാഹിത്യത്തിന്റെയും പിടിയിലാണെന്നും ജനാധിപത്യം നാടുകടത്തപ്പെട്ടുവെന്നും അവർ പറഞ്ഞു. ഡൽഹിയിലെ 'ഫോറിൻ കറസ്‌ പോണ്ടന്റ്സ് ക്ലബ്ബിൽ നടന്ന 'സേവ് ഡെമോക്രസി ഇൻ ബംഗ്ലാദേശ്' എന്ന പരിപാടിക്ക് അയച്ച ശബ്ദ സന്ദേശത്തിലൂടെയാണ് അവർ ഇങ്ങനെ ആരോപിച്ചത്.

2024 ഓഗസ്റ്റിൽ രാജ്യം വിട്ടതിന് ശേഷം ആദ്യമായാണ് ഹസീന ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നത്. കൊലപാതകിയായ ഫാസിസ്റ്റ്, പലിശക്കാരൻ, അധികാരമോഹിയായ രാജ്യദ്രോഹി എന്നിങ്ങനെ കടുത്ത ഭാഷയിലായിരുന്നു യൂനുസിനെ ഷെയ്ഖ് ഹസീന വിശേഷിപ്പിച്ചത്. വിദേശശക്തികളുടെ സഹായത്തോടെ മെനഞ്ഞെടുത്ത കൃത്യമായ ഗൂഢാലോചനയുടെ ഫലമായാണ് താൻ പുറത്താക്കപ്പെട്ടതെന്ന് ഹസീന പറയുന്നു. ബംഗ്ലാദേശ് ഇന്ന് വലിയൊരു ജയിലായും വധശിക്ഷാ കേന്ദ്രമായും മാറിയിരിക്കുന്നു.

ഭരണഘടന ചവിട്ടിമെതിക്കപ്പെട്ടു, മാദ്ധ്യമസ്വാതന്ത്ര്യം ഇല്ലാതായി, സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങൾ വർദ്ധിച്ചു. വിദേശ താൽപ്പര്യങ്ങൾക്കായി രാജ്യത്തിന്റെ വിഭവങ്ങളും ഭൂമിയും പണയം വച്ചുകൊണ്ട് യൂനസ് ബംഗ്ലാദേശിനെ ആഭ്യന്തര കലാപങ്ങളുടെ കേന്ദ്രമാക്കി മാറ്റുകയാണെന്നും അവർ കുറ്റപ്പെടുത്തി.

യൂനുസിന്റെ നിയമവിരുദ്ധ ഭരണകൂടത്തെ പുറത്താക്കി ജനാധിപത്യം പുനഃസ്ഥാപിക്കണം, തെരുവുകളിലെ അക്രമവും അരാജകത്വവും അവസാനിപ്പിക്കുക, ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും സുരക്ഷ ഉറപ്പാക്കുക. രാഷ്ട്രീയ പ്രേരിത കേസുകളും മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള പീഡനങ്ങളും അവസാനിപ്പിക്കുക, കഴിഞ്ഞ വർഷത്തെ സംഭവവികാസങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നിഷ്‌‌പക്ഷമായ അന്വേഷണം നടത്തുക എന്നിങ്ങനെ അഞ്ച് ആവശ്യങ്ങളാണ് രാജ്യത്തെ രക്ഷിക്കാൻ ഹസീന മുന്നോട്ടുവച്ചത്. 'ജോയ് ബംഗ്ലാ, ജോയ് ബംഗബന്ധു' എന്നീ മുദ്രാവാക്യങ്ങളോടെയാണ് ഹസീന പ്രസംഗം അവസാനിപ്പിച്ചത്.

വിദേശ ശക്തികളുടെ കളിപ്പാവയായ ഭരണകൂടത്തെ താഴെയിറക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. ഫെബ്രുവരി 12നുള്ള രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥമാണ് ഷെയിഖ് ഹസീനയുടെ പരാമർശങ്ങൾ. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ 2024 ഓഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. അതിനു ശേഷമാണ് നൊബേൽ പുരസ്‌കാര ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ അധികാരമേറ്റത്.

സർക്കാർ ജോലിയിൽ സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങൾക്കേർപ്പെടുത്തിയ സംവരണം ബംഗ്ലാദേശിൽ വൻ ഭരണവിരുദ്ധ പ്രക്ഷോഭത്തിലേക്ക് വഴിമാറുകയായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണത്തിനെതിരെ വിദ്യാർത്ഥികൾ തെരുവിലിറങ്ങി. 1996-2001 കാലയളവിൽ പ്രധാനമന്ത്രി പദത്തിലെത്തിയ ഹസീന 2008, 2014, 2018, 2024 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായ വിജയം നേടിയിരുന്നു.