വിശേഷപ്പെട്ട 108 ക്ഷേത്രങ്ങളിലൊന്ന്; വാഴുന്നത് രൗദ്രഭാവത്തിലുള്ള ശിവൻ, പരശുരാമൻ പ്രതിഷ്ഠനടത്തിയ പുണ്യക്ഷേത്രം
തൃശൂർ ജില്ലയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് അവിട്ടത്തൂർ മഹാദേവ ക്ഷേത്രം. ഇരിങ്ങാലക്കുട മുരിയാട് പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 108 ശിവക്ഷേത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണിത്. സാമാന്യം വലിയ രണ്ടുനില വട്ടശ്രീകോവിലുള്ള ഈ ക്ഷേത്രത്തിൽ മുഖ്യ പ്രതിഷ്ഠ ഭഗവാൻ ശിവനാണ്. പടിഞ്ഞാട്ട് ദർശനമായി രൗദ്രഭാവത്തിലാണ് ശിവൻ ഇവിടെ വാഴുന്നത്. അവിട്ടത്തൂർ മഹാദേവ ക്ഷേത്ര പ്രധാനഗോപുര നടയിൽ തന്നെയാണ് അഗസ്ത്യമുനിയുടെ ക്ഷേത്രവും. ക്ഷേത്രത്തിനോട് ചേർന്ന് പ്രപഞ്ച യാഗം നടന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഭാഗത്ത് വലിയ ഗർത്തവും കാണാം.
ക്ഷേത്രത്തിനുപിന്നിലെ ഐതീഹ്യം
ഭാരതീയഋഷി പരമ്പരകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന തപോവര്യനാണ് അഗസ്ത്യമുനി. പുരാണേതിഹാസങ്ങളിൽ എല്ലാം അദ്ദേഹത്തെപറ്റി പരാമർശിക്കുന്നുണ്ട്. ദ്രാവിഡഭാഷയുടെയും സിദ്ധവൈദ്യത്തിന്റെയും ജ്യോതിഷത്തിന്റെയും ആചാര്യനായി അറിയപ്പെടുന്നത് അഗസ്ത്യരാണ്.
ദേവാസുരയുദ്ധത്തിൽ സമുദ്രത്തിനടിയിൽ ഒളിച്ചിരുന്ന അസുരൻമാരെ പുറത്തെടുക്കാൻ തന്റെ തപശക്തികൊണ്ട് മഹാസമുദ്രം വരെ കുടിച്ചു വറ്റിച്ചു, ഉയർന്ന് പൊങ്ങിയ വിന്ധ്യാപർവ്വതത്തെ താഴ്ത്തി ദക്ഷിണ ഭാരതത്തിലെത്തി. തുടർന്നുളള അഗസ്ത്യരുടെ കർമ്മമണ്ഡലം ദ്രാവിഡദേശം ആയിരുന്നു.
ആത്മീയയാത്രയിൽ ചിദംബരത്തു നിന്ന് ആഗസ്ത്യകൂടം കടന്ന് വടക്കോട്ടുള്ള പ്രയാണത്തിൽ ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടിക്കും മദ്ധ്യത്തിലുള്ള പുണ്യഭൂമിയിൽ എത്തി ചേർന്നു. അവിടം തന്റെ തപോഭൂമിയായി തിരഞ്ഞെടുത്തു. തുടർന്ന് തന്റെ ഇഷ്ടമൂർത്തിയായ പരമശിവനെ തപസിലൂടെ മഹാസങ്കല്പം ചെയ്ത് ശിവക്ഷേത്രനിർമ്മാണത്തിനായി പ്രാണപ്രതിഷ്ഠ നടത്തി. പിന്നീട് വ്യാഘ്രപാദ മഹർഷിയുടെ സഹായത്തോടെ അപൂർവ്വമായി മാത്രം നടത്തിവരുന്ന പ്രപഞ്ചയാഗവും അവിടെവച്ച് നടത്തി. അഗസ്ത്യമുനി തപം ഇരുന്ന ഇവിടം അഗസ്ത്യപുത്തൂർ എന്നറിയപ്പെടുകയും പിന്നീട് അവിട്ടത്തൂർ എന്നുമായി മാറി. അദ്ദേഹം പ്രാണപ്രതിഷ്ഠ നടത്തി ക്ഷേത്ര ആചാരനുഷ്ടാനങ്ങൾക്ക് രൂപം നല്കിയ ക്ഷേത്രമാണ് അവിട്ടത്തൂർ മഹാദേവ ക്ഷേത്രമെന്ന് വിശ്വാസം.
ഉപദേവതകൾ
ഗണപതിയും നാഗരാജാവും നാഗയക്ഷിയും അയ്യപ്പനും നന്ദിയുമാണ് മഹാദേവ ക്ഷേത്രത്തിലെ ഉപദേവതകൾ. ക്ഷേത്രത്തിനകത്തുള്ള ഹോമകുണ്ഡത്തിനടുത്ത് അഗസ്ത്യമുനിയുടെ പ്രതിഷ്ഠയുമുണ്ട്. ക്ഷേത്രത്തിലെ പ്രധാവ ഉത്സവം മകരമാസത്തിലാണ്. തിരുവാതിര ആറാട്ടായി പത്ത് ദിവസം ആഘോഷിക്കുന്നു. ആദ്യസമയങ്ങളിൽ ധനുമാസത്തിൽ തുടങ്ങി മകരമാസത്തിൽ തിരുവാതിര ആറാട്ടായി 28 ദിവസത്തെ ഉത്സവം ഉണ്ടായിരുന്നു. പിന്നീടാണ് ഉത്സവം പത്ത് ദിസവമാക്കി ചുരുക്കിയത്. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മിഥുനമാസത്തിലെ മകം നക്ഷത്രത്തിലാണ്.